അബുദാബി: യു.എ.ഇയിൽ മഴയ്ക്കായുള്ള പ്രത്യേക പ്രാർത്ഥനയായ ‘സലാത്ത് അൽ ഇസ്തിസ്ഖാ’ (Salaat Al Istisqaa) നടത്താൻ ആഹ്വാനം ചെയ്ത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. നാളെ (ഒക്ടോബർ 9 വെള്ളിയാഴ്ച) ജുമുഅ പ്രാർത്ഥനയ്ക്ക് അരമണിക്കൂർ മുമ്പ് രാജ്യത്തുടനീളമുള്ള മുഴുവൻ പള്ളികളിലും ഈ പ്രത്യേക പ്രാർത്ഥനകൾ നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യ പിന്തുടർന്ന് മഴയ്ക്കും പ്രകൃതിയുടെ കാരുണ്യത്തിനുമായി ദൈവത്തോട് പ്രാർത്ഥിക്കാനാണ് യു.എ.ഇ പ്രസിഡന്റ് എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തിരിക്കുന്നത്. സാധാരണയായി വരൾച്ച അനുഭവപ്പെടുകയോ മഴ ലഭിക്കുന്നത് വൈകുകയോ ചെയ്യുന്ന സമയങ്ങളിൽ അല്ലാഹുവിന്റെ കരുണ തേടി മുസ്‌ലിങ്ങൾ നടത്തുന്ന സവിശേഷമായ ആചാരമാണിത്. പശ്ചാത്താപവും പാപമോചനവും ദൈവീക കാരുണ്യത്തിനായുള്ള യാചനകളും പ്രാർത്ഥനയുടെ ഭാഗമായി നടക്കും.
വരൾച്ചയും ജലക്ഷാമവും നേരിടുന്ന ഘട്ടങ്ങളിൽ പ്രവാചകൻ ജനങ്ങളെ ഒരുമിച്ചുകൂട്ടി പ്രാർത്ഥന നടത്തിയിരുന്ന മാതൃകയാണ് സലാത്ത് അൽ ഇസ്തിസ്ഖായിലൂടെ പിന്തുടരുന്നത്. നാടിനും ജനങ്ങൾക്കും ജീവജാലങ്ങൾക്കും ആവശ്യമായ സമൃദ്ധമായ മഴയും കാരുണ്യവും നൽകി അനുഗ്രഹിക്കണമെന്ന് യാചിച്ചുകൊണ്ടാണ് വിശ്വാസികൾ നാളെ പള്ളികളിൽ ഒന്നിച്ചു ചേരുക. യു.എ.ഇയിലെ വൻകിട മസ്ജിദുകൾ ഉൾപ്പെടെ മുഴുവൻ ആരാധനാലയങ്ങളിലും ഇതിനുള്ള വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.












