ന്യൂഡൽഹി : സായുധ സേനകളെ സ്വയംപര്യാപ്തമാക്കാനും രാജ്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും ഡിആർഡിഒ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് സായുധ സേന മേധാവി ബിപിൻ റാവത്ത്. ഭാവിയിലെ യുദ്ധങ്ങൾ ഇന്ത്യ വിജയിക്കാൻ പോകുന്നത് തദ്ദേശീയമായി നിർമിച്ച ആയുധങ്ങൾ ഉപയോഗിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, വടക്കൻ അതിർത്തികളിലും പടിഞ്ഞാറൻ അതിർത്തികളിലും രാജ്യമിപ്പോൾ വെല്ലുവിളി നേരിടുന്ന സമയമാണെന്നും ഈ സാഹചര്യത്തിൽ ഡിആർഡിഒ കൂടുതൽ പ്രതിരോധ സംവിധാനങ്ങളുടെ നിർമാണത്തിലേർപ്പെട്ടിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ബിപിൻ റാവത്ത് പറഞ്ഞു. ഡിആർഡിഒ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സ്വകാര്യ സ്ഥാപനങ്ങളും പ്രതിരോധ മേഖലയിലേക്ക് എത്തിയിരിക്കുകയാണ്. അവൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്. തദ്ദേശീയമായി നിർമിച്ച ആയുധങ്ങളുപയോഗിച്ചായിരിക്കും ഭാവിയിലെ യുദ്ധങ്ങൾ ഇന്ത്യ വിജയിക്കുക”-ബിപിൻ റാവത്ത് ഡിആർഡിഒ ഉദ്യോഗസ്ഥരോടായി പറഞ്ഞു.










