ജറുസലേം: ലെബനനിലെയും ഗാസാമുനമ്പിലെയും ഇസ്രയേൽ സൈന്യത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങൾ രാജ്യത്തോട് ഔദ്യോഗികമായി കൂട്ടിച്ചേർക്കണമെന്ന ആഹ്വാനവുമായി ഇസ്രയേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബോസലേൽ സ്‌മോട്രിച്ച്. ഇതിനുപുറമേ, അധിനിവേശ വെസ്റ്റ് ബാങ്കിലുള്ള പലസ്തീനികൾക്കെതിരെ പൂർണതോതിലുള്ള സൈനിക യുദ്ധം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലി മാധ്യമമായ ‘വൈനെറ്റി’ന് (Ynet) നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയേക്കാവുന്ന ഈ പരാമർശങ്ങൾ സ്‌മോട്രിച്ച് നടത്തിയത്.
ഗാസയിൽ ഇസ്രയേൽ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ള പ്രദേശം (യെല്ലോ ലൈൻ വരെ) ഇസ്രയേലിന്റെ ഭാഗമാക്കണമെന്നും ലെബനനിൽ ലിത്താനി നദി വരെയുള്ള പ്രദേശങ്ങൾ പിടിച്ചെടുത്ത് കൂട്ടിച്ചേർക്കണമെന്നുമാണ് സ്‌മോട്രിച്ച് വ്യക്തമാക്കിയത്. ഒരു യുദ്ധം അത് തുടങ്ങിയ അതിർത്തികളിൽ തന്നെ അവസാനിപ്പിച്ചാൽ ശത്രുക്കൾ വീണ്ടും ആക്രമിക്കാൻ മുതിരുമെന്നും, അതിനാൽ പ്രദേശം പിടിച്ചെടുക്കുകയാണ് പ്രതിരോധമാർഗമെന്നും അദ്ദേഹം വാദിച്ചു.
വെസ്റ്റ് ബാങ്കിലെ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് പലസ്തീനിയൻ അതോറിറ്റിയെ തകർത്തുകളയണമെന്നും, ഗാസയിൽ ചെയ്തതിന് സമാനമായി വെസ്റ്റ് ബാങ്കിലും രൂക്ഷമായ സൈനിക നടപടി വേണമെന്നുമാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഒക്ടോബർ 27-ന് ഇസ്രയേലിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യകക്ഷി നേതാവു കൂടിയായ സ്‌മോട്രിച്ച് നിലപാടുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്‌മോട്രിച്ചിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി പലസ്തീനിയൻ അതോറിറ്റി രംഗത്തുവന്നു. മേഖലയിൽ സംഘർഷം കൂടുതൽ ശക്തമാക്കാനും പലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇത്തരം നീക്കങ്ങളെന്ന് അവർ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളെയും സ്വതന്ത്ര പലസ്തീൻ രാഷ്ട്രമെന്ന സങ്കൽപ്പത്തെയും തകർക്കുന്നതാണ് ഇസ്രയേലി മന്ത്രിയുടെ പ്രസ്താവനയെന്ന് അറബ് ലീഗും വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളും മുന്നറിയിപ്പ് നൽകി.












