കെഎസ്ആർടിസി പ്രിയദർശിനി ബസിൽ വെച്ച് പ്ലസ് ടു വിദ്യാർഥിനിയോട് അങ്ങേയറ്റം മോശമായി പെരുമാറുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത കണ്ടക്ടർക്ക് സസ്പെൻഷൻ. ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ബസിലാണ് സംഭവം നടന്നത്. ജീവനക്കാരന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കെഎസ്ആർടിസി വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് അടിയന്തര അച്ചടക്ക നടപടി സ്വീകരിച്ചത്. വി.ഡി. സതീശൻ വിഷയത്തിൽ നേരിട്ട് ഇടപെട്ട് കർശന നടപടിയെടുക്കാൻ അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു.
തീർത്ഥാടനത്തിന്റെ ഭാഗമായി തല മൊട്ടയടിച്ച വിദ്യാർഥിനിയുടെ മുടി പൂർണ്ണമായി വളർന്നു വരാതിരുന്നതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. മുടി ചെറുതായി വെട്ടിയിരിക്കുന്നതിനാൽ പെൺകുട്ടിയാണെന്ന് വ്യക്തമല്ലെന്ന് ആരോപിച്ച് വിദ്യാർഥിനിക്ക് അർഹമായ സൗജന്യ യാത്രാസൗകര്യം (കൺസഷൻ) നിഷേധിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപാഠികൾ ഇടപെട്ട് കുട്ടി പെൺകുട്ടി തന്നെയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും കണ്ടക്ടർ അപഹാസ്യം തുടർന്നു.
“ഇവളെ കണ്ടിട്ട് പെൺകുട്ടിയായി തോന്നുന്നുണ്ടോ, നീ പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കാൻ പറ്റില്ലല്ലോ, വേണമെങ്കിൽ നെറ്റിയിൽ ഒട്ടിച്ചു വെച്ചോ” എന്നിങ്ങനെ മറ്റ് സഹയാത്രികരുടെ മുന്നിൽ വെച്ച് അങ്ങേയറ്റം സ്ത്രീവിരുദ്ധവും അശ്ലീലവുമായ രീതിയിലാണ് കണ്ടക്ടർ അധിക്ഷേപിച്ചത്. കയ്യിൽ പണമില്ലാതിരുന്നതിനെ തുടർന്ന് കുട്ടി ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ തയ്യാറായപ്പോഴും അസഭ്യവർഷം തുടർന്നു.
കണ്ടക്ടർക്ക് പുറമെ ബസിലെ ഡ്രൈവറും ചില യാത്രക്കാരും തന്നെ കൂട്ടമായി അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി വിദ്യാർത്ഥിനി വെളിപ്പെടുത്തി. സംഭവത്തിന് പിന്നാലെ പെൺകുട്ടിയും കുടുംബവും അധികൃതർക്ക് പരാതി നൽകുകയായിരുന്നു. പൊതുഗതാഗത സംവിധാനങ്ങളിൽ വിദ്യാർഥികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന ഇത്തരം ക്രൂരമായ പെരുമാറ്റങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നുവരുന്നത്.












