ഡല്‍ഹി : ആര് അധികാരത്തില്‍ എത്തിയാലും ബിഹാറില്‍ ബിജെപി അതിപ്രധാന ശക്തിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകന് യോഗേന്ദ്ര യാദവ്. തിരഞ്ഞെടുപ്പു ഫലം എന്താകുമെന്നു തനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല. സംസ്ഥാനം എന്തായിരുന്നോ ഇതുവരെ, അതില്‍നിന്നൊരു മാറ്റം ഈ തിരഞ്ഞെടുപ്പില്‍ കാണാം. പ്രമുഖ ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവ് ഇക്കാര്യം വിശദീകരിച്ചത്.
ബിജെപി ഒരു ഭാഗത്ത് മറ്റു കക്ഷികള്‍ മറുഭാഗത്ത് എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. എല്ലാ കക്ഷികളും ബിജെപിക്ക് എതിരായാണ് നീങ്ങുന്നത്. ഇതു ബിജെപിയെ സംസ്ഥാനത്തെ ഒന്നാം കക്ഷിയാക്കുമോ എന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അങ്ങനെവന്നാല്‍ ബിഹാറിന്റെ ദുരന്തമായിരിക്കും അത്. കഴിഞ്ഞ രണ്ടു ദശകങ്ങളായി സംസ്ഥാനം നേടിയ സാമൂഹിക നീതിയുടെ നേട്ടങ്ങളെ ഇവ മറിച്ചിടുമെന്നും യാദവ് വ്യക്തമാക്കി.
1990കളില്‍ ബിഹാറിലെ ഫ്യൂഡല്‍ വ്യവസ്ഥിതി തകര്‍ന്നിരുന്നു. ഇതു വലിയൊരു മാറ്റമായിരുന്നു.
ബിഹാറില്‍ ബിജെപിയെ വളര്‍ത്തിയത് ലാലു പ്രസാദ് യാദവും നിതീഷ് കുമാറുമാണ്. ലാലു പ്രസാദ് യാദവിന്റെ ആദ്യ സര്‍ക്കാര്‍ ബിഹാറില്‍ വന്‍മാറ്റങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും സര്‍ക്കാരുകള്‍ ദുരിതങ്ങളാണ് വിതച്ചത്. ഒന്നും സംഭവിക്കുകയോ സംഭവിക്കാന്‍ അനുവദിക്കുകയോ ചെയ്തില്ല. സാമൂഹിക നീതി ഇന്ന് ജാതികളുടെ കൈകളിലാണ്. പല തൊഴിലവസരങ്ങളും ഒരു ജാതിക്കാരുടെ കൈവശമേ ഇരിക്കുന്നുള്ളൂ. വലിയൊരു സഖ്യകക്ഷി ഒരു കക്ഷിക്കെതിരെ ഇറങ്ങുമ്പോള്‍ ആ ഒറ്റകക്ഷി ശക്തിയാര്‍ജിക്കും. അതിനു ചിലപ്പോള്‍ സമയമെടുത്തേക്കാം പക്ഷേ, ഫലം ആ പാര്‍ട്ടി വന്‍ ശക്തിയാകും.
Discussion about this post