ന്യൂഡൽഹി: ഇന്ത്യയിൽ റഷ്യയുടെ സ്പുട്നിക് 5 വാക്സിൻ നിർമ്മിക്കാൻ തീരുമാനമായി. വാക്സിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത വർഷത്തോടെ ഇന്ത്യയിൽ ആരംഭിക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്) സിഇഒ കിറീൽ ദിമിത്രിയേവ് അറിയിച്ചിട്ടുണ്ട്.
300 ദശലക്ഷം ഡോസുകൾ നിർമിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ആദ്യമായി കോവിഡ് പ്രതിരോധത്തിനായി ഉപയോഗിച്ച വാക്സിനാണ് റഷ്യൻ നിർമ്മിത സ്പുട്നിക് 5 വാക്സിൻ. ഇന്ത്യയിലെ വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ട് 4 കമ്പനികളുമായി കരാർ ഒപ്പിട്ടുകഴിഞ്ഞെന്നും 2021-ന്റെ ആദ്യപാദത്തിൽ തന്നെ വാക്സിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കിറീൽ ദിമിത്രിയേവ് പറഞ്ഞു. ആർഡിഐഎഫ് 110 വാക്സിൻ നിർമ്മാണ കമ്പനികളിൽ നിന്നും 10 കമ്പനികൾക്ക് മാത്രമാണ് വാക്സിൻ നിർമാണത്തിന് അനുമതി നൽകിയിരിക്കുന്നത്.
വാക്സിൻ നിർമാണത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുമെന്ന് ദിമിത്രിയേവ് അറിയിച്ചിട്ടുണ്ട്. സ്പുട്നിക് 5 വാക്സിൻ റഷ്യ പുറത്തിറക്കിയത് ആഗസ്റ്റ് 11 നാണ്. ഇന്ത്യയിലും വാക്സിന്റെ പരീക്ഷണം പുരോഗമിക്കുകയാണ്.










