പാകിസ്ഥാന്റെ പതനത്തെക്കുറിച്ചും അവിടുത്തെ സൈന്യത്തിൽ സംഭവിക്കുന്ന വിനാശകരമായ ആശയമാറ്റങ്ങളെക്കുറിച്ചും രൂക്ഷമായ വിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ ബിലാഹരി കൗസികൻ. ‘വൈ ഷുഡ് വീ കെയർ എബൗട്ട് ദി ഇൻഡോ-പസഫിക്?’ എന്ന യൂട്യൂബ് പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ നിലനിൽപ്പിനെയും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ ഭരണരീതികളെയും അദ്ദേഹം ചോദ്യം ചെയ്തത്.
ദക്ഷിണേഷ്യയിലെ മുസ്ലീങ്ങൾക്കുള്ള ജന്മദേശമെന്ന ആശയത്തിലായിരുന്നു പാകിസ്ഥാൻ രൂപീകരിച്ചതെങ്കിലും 1971-ൽ ബംഗ്ലാദേശ് വേർപിരിഞ്ഞു പോയതോടെ ആ സങ്കൽപ്പം തകർന്നുവെന്ന് കൗസികൻ ചൂണ്ടിക്കാട്ടി.
പാകിസ്ഥാനെ തകർച്ചയിൽ നിന്ന് താങ്ങിനിർത്തുന്ന ഒരേയൊരു ശക്തി അവിടുത്തെ സൈന്യമാണെങ്കിലും, പണ്ട് മതേതരമായിരുന്ന ആ സൈന്യം ഇന്ന് തികച്ചും മതപരമായ ഒന്നായി മാറിപ്പോയതാണ് ഏറ്റവും വലിയ അപകടമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു സൈന്യം തങ്ങളുടെ പടയാളികളെ താടി വളർത്താൻ അനുവദിച്ചു തുടങ്ങിയാൽ തന്നെ ആ രാജ്യം വലിയ അപകടത്തിലാണെന്ന് അർത്ഥമെന്ന് കൗസികൻ തുറന്നടിച്ചു.
സൗദി അറേബ്യയുമായുള്ള ‘മക്ക കരാർ’ വഴിയും സുരക്ഷാ പങ്കാളിത്തം വഴിയും അന്താരാഷ്ട്രതലത്തിൽ പ്രസക്തി നിലനിർത്താൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഹൂതികളുടെ ആക്രമണം ഉണ്ടായപ്പോൾ സൗദി അറേബ്യ പോലും പാകിസ്ഥാന്റെ സഹായം തേടിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എപ്പോഴും തകർച്ചയുടെ വക്കിൽ നിൽക്കുന്ന ഒരു രാജ്യമാണ് പാകിസ്ഥാനെന്നും നയതന്ത്രപരമായ വിജയങ്ങൾ കൊണ്ട് ജനങ്ങളുടെ വിശപ്പടക്കാൻ കഴിയില്ലെന്നും കൗസികൻ പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകളും തീവ്രവാദ സംഘങ്ങളെ നിയന്ത്രിക്കുന്നതിലുള്ള പരാജയവുമാണ് പാകിസ്ഥാന്റെ അടിസ്ഥാന പ്രശ്നങ്ങൾ. കൈവശം ആണവായുധങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് ലോകരാഷ്ട്രങ്ങൾ ഇന്ന് പാകിസ്ഥാനെ ഒരു പരിധിവരെയെങ്കിലും ഗൗനിക്കുന്നതെന്നും, അല്ലാത്തപക്ഷം ആരും ആ രാജ്യത്തെ തിരിഞ്ഞുപോലും നോക്കില്ലെന്നും സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ കൂട്ടിച്ചേർത്തു.










