പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ മോചനവും അടിയന്തര വൈദ്യസഹായവും ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പി.ടി.ഐ) നടത്തുന്ന പ്രക്ഷോഭ മാർച്ച് തടയാൻ ആർക്കും കഴിയില്ലെന്ന് ഖൈബർ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി മുന്നറിയിപ്പ് നൽകി. ഫെഡറൽ സർക്കാരിന്റെയും സൈന്യത്തിന്റെയും കടുത്ത സുരക്ഷാ ഉപരോധങ്ങളെയും വിലക്കുകളെയും കാറ്റിൽപ്പറത്തിയാണ് പി.ടി.ഐയുടെ ലോംഗ് മാർച്ച് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് നീങ്ങുന്നത്. ഒക്ടോബർ 4-ന് ലക്കി മർവാതിൽ നിന്ന് ആരംഭിച്ച ഈ പദയാത്രയ്ക്ക് നേതൃത്വം നൽകുന്നത് സൊഹൈൽ അഫ്രീദിയാണ്.
തങ്ങൾ മുന്നോട്ടുവെച്ച ഏഴ് പ്രധാന ആവശ്യങ്ങളിൽ ഒന്നെങ്കിലും നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ ആണെന്ന് തെളിയിച്ചാൽ പ്രക്ഷോഭം അപ്പോൾ തന്നെ അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അഫ്രീദി വെല്ലുവിളിച്ചു. അല്ലാത്തപക്ഷം ഇസ്ലാമാബാദിലേക്ക് കടക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്നും ഫെഡറൽ ഭരണകൂടത്തിനും സൈന്യത്തിനും അദ്ദേഹം നേരിട്ട് മുന്നറിയിപ്പ് നൽകി.
പാകിസ്ഥാനിലെ നീതിന്യായ വ്യവസ്ഥയ്ക്കും കോടതികൾക്കുമെതിരെ രൂക്ഷമായ വിമർശനമാണ് അഫ്രീദി ഉന്നയിച്ചത്. തടവിലുള്ള മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സന്ദർശിക്കുന്നതിനും അദ്ദേഹത്തിന് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമായി ഉന്നത കോടതികൾ പുറപ്പെടുവിച്ച ഉത്തരവുകൾ അധികാരികൾ നടപ്പിലാക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ ഷിഫാ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടും അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് വീണ്ടും ജയിലിലടയ്ക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഭരണകൂടത്തിലെ പ്രമുഖ നേതാക്കൾക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും രൂക്ഷവിമർശനങ്ങളും ഉന്നയിച്ച അഫ്രീദി, ആവശ്യങ്ങൾ അംഗീകരിക്കുംവരെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറൽ സർക്കാരും പി.ടി.ഐയും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇസ്ലാമാബാദിൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.










