തെക്കേ ഏഷ്യൻ മേഖലയിൽ തീവ്ര ഇസ്ലാമിക ഭീകര സംഘടനകൾ വീണ്ടും അതിശക്തമായ ഭീകരാക്രമണ പരമ്പരയ്ക്ക് പദ്ധതിയിടുന്നതായി ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി റൂവൻ അസറിന്റെ മുന്നറിയിപ്പ്. സർക്കാരുകളെക്കാളും സുരക്ഷാ ഏജൻസികളെക്കാളും അതിവേഗത്തിലാണ് ഭീകര സംഘടനകൾ ആധുനിക ശേഷിയും സാങ്കേതികവിദ്യയും വർധിപ്പിക്കുന്നത്. ഇന്റർവ്യൂവിൽ ‘ഇന്ത്യാ ടുഡേ’യോട് സംസാരിക്കവെയാണ് ഇസ്രായേൽ സ്ഥാനപതി ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.
പാകിസ്താനിലും ബംഗ്ലാദേശിലും ഹമാസ് സാന്നിധ്യം വർധിക്കുന്നതിൽ അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തി. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ കുപ്രസിദ്ധ ഭീകര സംഘടനകൾ സംഘടിപ്പിച്ച പരിപാടികളിൽ ഹമാസ് കമാൻഡർമാരായ നാജി സഹീർ, ഖാലിദ് അൽ-ഖദുമി എന്നിവർ പങ്കെടുത്തതായി തെളിവുകളുണ്ട്. ലഷ്കറെ തൊയ്ബ പ്രവർത്തകർക്ക് ഹമാസിന്റെ പ്രവർത്തനരീതികളിൽ പരിശീലനം നൽകുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. 25 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണം ഹമാസിന്റെ ഈ സ്വാധീനത്തിന്റെ പ്രതിഫലനമായിരുന്നുവെന്നും അസർ ചൂണ്ടിക്കാട്ടി.
അടുത്തിടെ നടപ്പിലാക്കാൻ ശ്രമിച്ച ഫ്ലൈദുബായ് (flydubai) വിമാനം തകർക്കാനുള്ള ഭീകരനീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ് കൂടുതൽ ശ്രദ്ധേയമാകുന്നത്. ഒമാനി കോ-പൈലറ്റായ ഹമാം അൽ ഹമ്മാമി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ടെൽ അവീവിൽ വിമാനം തകർക്കാൻ ശ്രമിച്ചെങ്കിലും, ക്യാപ്റ്റനായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛറിന്റെ ധീരമായ ഇടപെടൽ മൂലമാണ് വലിയ ദുരന്തം ഒഴിവായത്. സുരക്ഷാ ഏജൻസികൾ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ ഭീഷണികൾ നേരിടേണ്ടി വരുമെന്ന് റൂവൻ അസർ വ്യക്തമാക്കി.












