ന്യൂഡൽഹി: കോവിഡ് വാക്സിനും ചികിത്സയ്ക്കുള്ള ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ എതിർപ്പുമായി വികസിത രാജ്യങ്ങൾ.
ലോക വ്യാപാര സംഘടനയുടെ നിലപാട് (ഡബ്ലിയുടിഒ) ബൗദ്ധിക സ്വത്തവകാശ (ഐപിആർ) വ്യവസ്ഥകൾ തൽക്കാലം മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കണമെങ്കിൽ അഭിപ്രായ ഐക്യം വേണമെന്നാണ്. വാക്സിൻ, പരിശോധനാ സംവിധാനങ്ങൾ, പിപിഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐപിആർ വ്യവസ്ഥകൾ മരവിപ്പിക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ 2 -ന് ഇന്ത്യ നിർദേശം വെച്ചിരുന്നു. ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്കയും ഇത്തരത്തിൽ ആവശ്യമുന്നയിച്ച് മുന്നോട്ടു വന്നിരുന്നു.
ഐപിആർ വ്യവസ്ഥകൾ മരവിപ്പിക്കുന്നതിലൂടെ ഉല്പന്നങ്ങളുടെ വില കുറയുമെന്ന് ഇന്ത്യ ഡബ്ലിയുടിഒയെ അറിയിച്ചിട്ടുണ്ട്. ഇതിനെ നൂറിലേറെ രാജ്യങ്ങളാണ് പിന്തുണയ്ക്കുന്നത്. എന്നാൽ, ഈ ആശയത്തിനെതിരെ എതിർപ്പുമായി യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്. ഈ രാജ്യങ്ങൾ അവകാശപ്പെടുന്നത് ഐപിആർ മരവിപ്പിക്കുന്നത് ഗവേഷണങ്ങളെ ബാധിക്കുമെന്നാണ്.പക്ഷേ, ഇന്ത്യയുടെ നയത്തിൽ മാറ്റമില്ലെന്നാണ് വിദേശകാര്യ വക്താക്കൾ അറിയിക്കുന്നത്.
അടുത്ത മാസം 19 നും ഫെബ്രുവരി 4 നും ട്രിപ്സ് കൗൺസിലും ഡബ്ലിയുടിഒ കൗൺസിൽ യോഗം മാർച്ചിലും ചേരും. അതിനുമുമ്പ് വികസിത രാജ്യങ്ങളുമായി അഭിപ്രായ ഐക്യം സാധ്യമാക്കാൻ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.
Discussion about this post