സമുദ്ര സുരക്ഷയിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ച് ഇന്ത്യയും സീഷെൽസും. ഇന്ത്യയുടെ സമുദ്ര ദൗത്യമായ വിഷൻ മഹാസാഗറിൽ സീഷെൽസ് ഒരു അവിഭാജ്യ പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യയുടെ വിപുലീകരിച്ച സമുദ്ര ചട്ടക്കൂടായ വിഷൻ മഹാസാഗർ – (മ്യൂച്വൽ ആൻഡ് ഹോളിസ്റ്റിക് അഡ്വാൻസ്മെന്റ് ഫോർ സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് അക്രോസ് റീജിയൺസ് ) എല്ലാവർക്കും സുരക്ഷയും വളർച്ചയും എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മോദി സൂചിപ്പിച്ചു.
സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ ഇന്ത്യ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ ചില സുപ്രധാന ധാരണ പത്രങ്ങളിൽ ഒപ്പുവച്ചു. അടിയന്തര സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ സീഷെൽസിന് അത്യാധുനിക ജീവൻ രക്ഷാസൗകര്യങ്ങളുള്ള 10 ആംബുലൻസുകൾ സമ്മാനിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. സമുദ്ര അയൽക്കാർ എന്ന നിലയിൽ, കടൽക്കൊള്ള, മയക്കുമരുന്ന് കടത്ത്, ആയുധങ്ങൾ, മനുഷ്യക്കടത്ത് തുടങ്ങിയ വെല്ലുവിളികൾ ഇരു രാജ്യങ്ങളും നേരിടുന്നുണ്ട്. ഈ വെല്ലുവിളികൾ നേരിടുന്നതിനായി പരിശീലനങ്ങൾക്കും ശേഷി വർദ്ധിപ്പിക്കലുകൾക്കും പിന്തുണ നൽകുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.








