കാറുകളിൽ ഡ്രൈവറെ കൂടാതെ, മുൻസീറ്റ് യാത്രികനും എയർബാഗ് നിർബന്ധമാക്കാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അധികം വൈകാതെ പുറത്തിറക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
നിലവിൽ മുൻസീറ്റ് യാത്രികനുള്ള എയർ ബാഗിനെ അനിവാര്യതയ്ക്ക് പകരം ആഡംബരമായാണ് പല വാഹന നിർമാതാക്കളും കണക്കാക്കുന്നത്. യാത്രാവാഹന ഡ്രൈവർമാർക്കുള്ള എയർബാഗ് ഇന്ത്യയിൽ നിർബന്ധമാക്കിയത് കഴിഞ്ഞ വർഷമാണ്. എന്നാൽ, വാഹന വ്യവസായത്തിന് നിഷ്കർഷിക്കുന്ന മാനദണ്ഡമയ എഐഎസ് പ്രകാരം നിർബന്ധമാക്കിയ സുരക്ഷാ ഉപകരണങ്ങളിൽ ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. അതിനാൽ ചില വാഹന നിർമാതാക്കൾ മുൻ സീറ്റ് യാത്രികർക്കുള്ള എയർബാഗ് ഒഴിവാക്കുകയായിരുന്നു.
ഈ പ്രവണത ഏറ്റവും കൂടുതലായി കാണുന്നത് വിലയുടെ കാര്യത്തിൽ കടുത്ത മത്സരം നിലനിൽക്കുന്ന ബജറ്റ് ഹാച്ച്ബാക്ക് വിഭാഗത്തിലാണ്. ഓപ്ഷണൽ വ്യവസ്ഥയിൽ മാത്രമാണ് ഈ വിഭാഗത്തിൽ മുൻസീറ്റ് യാത്രികർക്കുള്ള എയർബാഗ് ലഭ്യമാകുന്നത്. അതിനാൽ, കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി എഐഎസിൽ ഭേദഗതിവരുത്തി എല്ലാ യാത്ര വാഹനങ്ങളിലും എയർബാഗ് നിർബന്ധമാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നീക്കം.
Discussion about this post