ഡൽഹി: ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ മറ്റ് സുരക്ഷാ മേഖലകളിലേക്കും നിരോധനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ. ഭാവിയിലെ 5-ജി നെറ്റ്‌വർക്കുകളിൽ ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിൽ ചൈനീസ് കമ്പനികളുടെ കടന്നുകയറ്റം നിയന്ത്രിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ഇതിനായി ടെലികോം മേഖലയെക്കുറിച്ചുള്ള ദേശീയ സുരക്ഷാ നിർദ്ദേശത്തിന് സർക്കാർ അംഗീകാരം നൽകി. സുരക്ഷ യോഗത്തിന്റെ കാബിനറ്റ് കമ്മിറ്റിയിൽ ആയിരുന്നു കേന്ദ്രസർക്കാർ നടപടി. 5-ജി നെറ്റ്‌വർക്കുകളിൽ ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗം കുറച്ച് ടെലികോം ഓപ്പറേറ്റർമാർ സുരക്ഷിതമായ ഒരു ദേശീയ നെറ്റ്‌വർക്ക് സൃഷ്ടിക്കണമെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇന്ത്യൻ പ്രതിരോധ വ്യവസായത്തിലേക്ക് കടക്കാൻ ചൈനീസ് കമ്പനികൾ ശ്രമിക്കുന്നവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിൻറെ മുന്നറിയിപ്പുണ്ടായിരുന്നു. വിഷയം വളരെ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.ഇതിനായി ടെലികോം, പ്രതിരോധ മേഖലകളിൽ ഭാവിയിലെ എല്ലാ ഇടപാടുകൾക്കും വിശ്വസനീയമായ വിതരണക്കാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ.
Discussion about this post