ന്യൂഡൽഹി: ഒരു വെല്ലുവിളിയും ഇന്ത്യയിലെ യുവാക്കൾക്ക് വലുതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സിഖ് ഗുരുക്കന്മാരെ പ്രധാനമന്ത്രി അനുസ്മരിച്ചു.
“ഇന്ത്യയിലെ യുവാക്കളെ കാണുമ്പോൾ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കൾക്ക് എന്തും ചെയ്യാൻ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവർക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറവുമല്ല. 2020-ൽ രാജ്യം പുതിയ കഴിവുകൾ സൃഷ്ടിച്ചെടുത്തു. അതിനെ ‘ആത്മനിർഭർ ഭാരത്’ എന്ന് വിളിക്കാം”-നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
കോവിഡ് കാരണം, വിതരണശൃംഖല ലോകമെമ്പാടും തകരാറിലായെങ്കിലും ഓരോ പ്രതിസന്ധികളിൽ നിന്നും നമ്മൾ പുതിയ പാഠങ്ങൾ പഠിച്ചുവെന്നും രാഷ്ട്രം പുതിയ കഴിവുകൾ വികസിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, നമ്മുടെ ഉത്പന്നങ്ങൾ ലോകോത്തര നിലവാരമുള്ളതാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.








