കോഴിക്കോട്: ഭാരതം ലോകത്തിന് മാതൃകയെന്ന് ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. ലോക രാജ്യങ്ങള്‍ സാമൂഹിക-സാമ്പത്തിക -രാഷ്ട്രീയ കാര്യങ്ങളില്‍ ഭാരതീയ മാതൃകയാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് കാലത്തും ലോകം പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് ഉറ്റുനോക്കി. ലോകത്തിന്റെ വിശ്വാസം കാക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശത്തിന് കേരളത്തിലെത്തിയ അദ്ദേഹം കോഴിക്കോടും തിരുവനന്തപുരത്തുമായി പ്രധാന പരിപാടികളിൽ പങ്കെടുക്കും. നാളെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടികാഴ്ച നടത്തും. 31ന് തിരുവനന്തപുരത്ത് ആര്‍ എസ് എസിന്‍റെ സംസ്ഥാന നേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
ഇ.ശ്രീധരന്‍, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി എന്നിവരുമായും ആര്‍എസ്എസ് മേധാവി ഡോ മോഹൻ ഭാഗവത് കൂടിക്കാഴ്ച നടത്തും. 31 ന് വൈകീട്ട് അദ്ദേഹം മുംബൈയിലേക്ക് മടങ്ങും.
നേരത്തെ കോഴിക്കോട് കേസരി മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രം ഡോ മോഹൻ ഭാഗവത് നാടിന് സമർപ്പിച്ചു. കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഭദ്രദീപം കൊളുത്തി അദ്ദേഹം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.












