തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഭരണം ലഭിക്കാൻ ബിജെപി എസ് ഡി പി ഐയുടെ പിന്തുണ തേടിയെന്ന വ്യാജവാർത്തയുമായി ഏഷ്യാനെറ്റ് ന്യൂസ്. വ്യാജവാർത്തയെ തുടർന്ന് പ്രതിഷേധം ശക്തമാകുകയും ബിജെപി നേതൃത്വം ഇടപെടുകയും ചെയ്തതോടെ ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ് രംഗത്തെത്തി.
ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തിലെ കരവാരം പഞ്ചായത്തില്‍ എസ് ഡിപിഐ പിന്തുണയോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം ലഭിച്ചുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വ്യാജവാർത്ത നൽകിയത്. വാർത്തയെ തുടർന്ന് നിരവധി ആളുകൾ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട് നിജസ്ഥിതി ആരാഞ്ഞു. തുടർന്ന് ബിജെപി സംസ്ഥാന സമിതി അംഗം തോട്ടയ്ക്കാട് ശശി നേരിട്ട് ചാനലിൽ വിളിച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ചാനൽ, വാർത്തയിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
സംസ്ഥാന വ്യാപകമായി തദ്ദേശ ഭരണം പിടിക്കാൻ യുഡിഎഫിനാണ് എസ് ഡി പി ഐ പിന്തുണ നൽകിയത്. മിക്കയിടങ്ങളിലും എസ് ഡി പി ഐ നിലപാട് ഭരണം നേടാൻ ഇടത് മുന്നണിയെയും സഹായിച്ചിരുന്നു.












