കൊച്ചി: 2015ന്റെ തുടക്കം. വിവിധ ആവശ്യങ്ങളുമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു വ്യവസ്ഥ മാത്രം.’കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനല്‍ ശേഷിയുടെ ആറു ശതമാനം മാത്രം വിനിയോഗിച്ച് വെറുതെ കിടക്കുന്നു. കൊച്ചി – മംഗലാപുരം പൈപ്പ് ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ മൂവായിരം കോടി മുടക്കിയ ടെര്‍മിനല്‍ പാഴാകും. പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണം.’
പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പൊതുമേഖലാ വളം നിര്‍മ്മാണശാലയായ കൊച്ചിയിലെ ഫാക്‌ടിന് രക്ഷാ പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായാണ് ഉമ്മൻ ചാണ്ടി സംഘം ഡൽഹിയിലെത്തിയത്. എന്നാൽ പ്രധാനമന്ത്രിയുടെ ആവശ്യം കേട്ട ഉന്നത ഉദ്യോഗസ്ഥർ ആദ്യം കേരളത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. പൈപ്പ് ലൈന്‍ നിര്‍മ്മാണത്തിന്റെ തൽസ്ഥിതി പ്രധാനമന്ത്രി വിവരിച്ചപ്പോള്‍, സംഘത്തിന് മറുപടിയില്ലായിരുന്നു. അത്രയും സൂക്ഷ്‌മവിവരങ്ങള്‍ തങ്ങളില്‍ പലര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് സംഘത്തിലെ ജനപ്രതിനിധി പിന്നീട് വെളിപ്പെടുത്തിയത്.
എല്‍.എന്‍.ജി പൈപ്പ് ലൈന്‍.പദ്ധതിയുടെ ദൈനംദിന വിവരങ്ങള്‍ വരെ പ്രധാനമന്ത്രിയുടെ ഓഫീസ് ശേഖരിച്ച് വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെ ഉണര്‍ത്തി. ചീഫ് സെക്രട്ടറി ജിജി തോംസണെ പദ്ധതി നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തി. 2015 ഏപ്രില്‍ 20 ന് ഉന്നതതലയോഗം ചേര്‍ന്നു. പെട്രോനെറ്റ് എല്‍.എന്‍.ജി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായിരുന്ന ഡോ. ബല്യാണ്‍ ഉള്‍പ്പെടെ പങ്കെടുത്തു. സ്ഥലമെടുപ്പ് പുനരാരംഭിക്കാനും ഏഴു ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും തീരുമാനിച്ചു. ജൂണില്‍ പൈപ്പിടല്‍ വീണ്ടും ആരംഭിച്ചെങ്കിലും മുന്നോട്ടുപോയില്ല.
read also: അനിൽ പനച്ചൂരാന്റെ വിയോഗം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
2016 മേയില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. ജൂലായില്‍ ഗെയില്‍ മേധാവികള്‍ പിണറായിയെ സന്ദര്‍ശിച്ചു. പൈപ്പിടാന്‍ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശനനിലപാട് ഫലം ചെയ്തു. പൈപ്പിടല്‍ ജോലികള്‍ സുഗമമായി. 2018 ഓടെ പ്രതിഷേധങ്ങള്‍ നിലച്ചു.പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകള്‍ നേരിട്ട് നിരീക്ഷിച്ച പദ്ധതിയാണ് കൊച്ചി – മംഗലാപുരം ഗെയില്‍ പൈപ്പ് ലൈന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ പിന്തുണയും മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യവുമാണ് കേരളത്തിന് അഭിമാനകരമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ വഴി തെളിച്ചത്.
Discussion about this post