ന്യൂഡല്‍ഹി: ഹാഥ്‌റസിലേക്ക് പോവുന്നതിനിടെ യുപി പോലിസ് അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അടക്കം നാലുപേരുടെ ജുഡീഷ്യല്‍ കസ്റ്റഡി 90 ദിവസം കൂടി നീട്ടി. മാധ്യമപ്രവര്‍ത്തകനും പോപ്പുലർ ഫ്രണ്ട് നേതാവുമായ സിദ്ദീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാഞ്ചിയും യുപി സ്വദേശിയുമായ അഥീഖുര്‍റഹ്മാന്‍, ജാമിഅ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് അഹ്മദ്, ഡ്രൈവര്‍ ആലം എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡെപ്യൂട്ടി എസ്പി ഗൗതം ബുദ്ധ നഗര്‍, രാകേഷ് പലിവാള്‍ എന്നിവര്‍ നല്‍കിയ അപേക്ഷയിലാണ് നടപടി.
പോപുലര്‍ ഫ്രണ്ടിന്റേയും മറ്റ് അനുബന്ധ സംഘടനകളുടെയും മിക്ക ഓഫീസുകളും കേരളത്തിലാണ് ഉള്ളതെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിന് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും എസ്ടിഎഫിന് വേണ്ടി പാലിവാള്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞു. റിമാന്റ് കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടാന്‍ ജില്ലാ സെഷന്‍സ് ജഡ്ജി അനില്‍ കുമാര്‍ പാണ്ഡെ അനുവദിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ ശിവ് റാം സിംഗ് പറഞ്ഞു.
അതേസമയം തീവ്രവാദപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നുവെന്ന യുഎപിഎ നിയമത്തിലെ സെക്ഷന്‍ 17ാം വകുപ്പാണ് പ്രയോഗിച്ചിരിക്കുന്നത്. പിടിയിലായവര്‍ ‘carrd.co’ എന്ന പേരില്‍ വെബ്‌സൈറ്റ് നടത്തുന്നുണ്ടെന്നും കലാപത്തിന് പ്രേരിപ്പിക്കുന്നതിന് ഇതിന് സംഭാവന ലഭിക്കുന്നുണ്ടെന്നും എഫ്‌ഐആറില്‍ പോലിസ് ആരോപിക്കുന്നു. സംശയാസ്പദമായ ചിലര്‍ ഡല്‍ഹിയില്‍നിന്ന് ഹാഥ്‌റസിലേക്ക് പോവുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലിസ് വിശദീകരിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍, ഒരു ലാപ്‌ടോപ്പ്, ചില ലഘുലേഖകൾ ഉള്‍പ്പെടെ സംസ്ഥാനത്തെ ക്രമസമാധാനത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ചില രചനകള്‍ കണ്ടെടുത്തതായും പോപുലര്‍ ഫ്രണ്ട്, കാംപസ് ഫ്രണ്ടുമായും തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് പിടിയിലായവര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായും പോലിസ് പറയുന്നു.








