തിരുവനന്തപുരം: അറബിക്കടലിലും തമിഴ്നാട് തീരത്തും രൂപം കൊണ്ട ചക്രവതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ഒഴികെയുള്ള പത്ത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യൊല്ലോ അലര്‍ട്ടായിരിക്കും.
കൂടാതെ അടുത്ത വ്യാഴാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനം മുൻകരുതൽ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും നിൽക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
Discussion about this post