ഡൽഹി: പക്ഷിപ്പനിയുടെ പേരിൽ വളർത്തു പക്ഷികളെ ജീവനോടെ ചുട്ടെരിച്ച കൊടും ക്രൂരതയിൽ ദേശീയ മൃഗക്ഷേമ ബോർഡിന്റെ ഇടപെടൽ. താറാവുകളെ കൂട്ടത്തോടെ ചാക്കിൽ കെട്ടി ചുട്ടെരിച്ച സംഭവം ശ്രദ്ധയിൽ പെട്ടതോടെയാണ് ഇത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മാത്രം മുപ്പത്തയ്യായിരം താറാവുകളെയാണ് ഇപ്രകാരം കൊന്നത്. പക്ഷികളെ കൊന്നൊടുക്കാൻ താരതമ്യേന വേദന കുറഞ്ഞ വാതക പ്രയോഗം പോലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശം ബോർഡ് സംസ്ഥാനത്തെ ഓർമ്മിപ്പിച്ചു.
അതേസമയം പക്ഷിപ്പനി ബാധിച്ച് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ നൂറു കണക്കിന് പക്ഷികൾ ചത്തിരുന്നു. പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തിൽ കേരളം, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ, കർണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്.












