തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസ് നടപടിക്കിടെ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന പുതിയ റിപ്പോർട്ട്. ദമ്പതികളുടെ അയൽവാസിയായ വസന്ത ചട്ടംലംഘിച്ചാണ് ഭൂമി വാങ്ങിയതെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ട്. ഇത് പരിഗണിച്ച് ജില്ലാ കളക്ടർ പൊലീസ് അന്വേഷണത്തിന് നിർദ്ദേശം നൽകി.
നാൽപ്പത് വർഷം മുമ്പ് ലക്ഷംവീട് കോളനി നിർമ്മാണത്തിനായി അതിയന്നൂർ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ പലർക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ സുകുമാരൻ നായർ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസിൽദാറുടെ റിപ്പോർട്ട്.
വസന്തയുടെ പേരിലുള്ള ഭൂമി പുറമ്പോക്ക് ഭൂമിയല്ലെന്നും സർക്കാർ പട്ടയം അനുവദിച്ച ഭൂമിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2006ൽ സുഗന്ധി എന്ന സ്ത്രീയിൽ നിന്നുമാണ് വസന്ത ഭൂമി വാങ്ങിയത്. ഇതോടെയാണ് ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് കളക്ടർ നവ്‌ജ്യോത് ഖോസെ നിർദ്ദേശം നൽകിയിരിക്കുന്നത്.
ലക്ഷം വീടിന് അനുവദിച്ച ഭൂമി വസന്ത വാങ്ങിയത് നിയമാനുസൃതമാണോ എന്ന് സർക്കാർ പരിശോധിക്കണമെന്ന് തഹസിൽദാർ ശുപാർശ നൽകി.












