മുംബയ്: ഗായിക നല്കിയ ലൈംഗിക പീഡനപരാതിയില്‍ മഹാരാഷ്ട്ര സാമൂഹികക്ഷേമ മന്ത്രിയും എന്‍.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെയുടെ രാജിക്കായി സമ്മര്‍ദ്ദമേറുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും ബി.ജെ.പി വനിതാവിഭാഗവും രാജി ആവശ്യം ശക്തമാക്കിയിരിക്കെ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ മന്ത്രിയെ തള്ളിപ്പറയുക കൂടി ചെയ്തതോടെ പദവിയൊഴിയാനുളള സാദ്ധ്യതയേറി.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മന്ത്രിയുടെ മൊഴിയെടുക്കുമെന്ന് മുംബയ് പൊലീസ് അറിയിച്ചു. പവാറിനോടു കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും ധനഞ്ജയ് മുണ്ടെ പ്രതികരിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ സഹോദരപുത്രനാണ് ധനഞ്ജയ്.
സംഗീതരംഗത്ത് അവസരങ്ങള്‍ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ധനഞ്ജയ് മുണ്ടെ പലവട്ടം പീഡിപ്പിച്ചതായാണ് ഗായിക രേണു ശര്‍മ (37) കഴിഞ്ഞ ദിവസം മുംബയ് പൊലീസിന് നല്കിയ പരാതിയിലുള്ളത്. ഇവരുടെ സഹോദരി കരുണ ശര്‍മയുമായി ഏറെക്കാലമായി അടുപ്പം പുലര്‍ത്തിയിരുന്ന മന്ത്രിക്ക് ആ ബന്ധത്തില്‍ 2 മക്കളുണ്ട്. ധനഞ്ജയ് മുണ്ടെയ്ക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങളാണെന്ന് ശരദ് പവാര്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു. വിഷയം പാര്‍ട്ടിയില്‍ ഉടന്‍ ചര്‍ച്ച ചെയ്തു തുടര്‍നടപടികള്‍ സ്വീകരിക്കും.
അതേസമയം തന്റെ ഭാര്യയും കുടുംബവും അംഗീകരിച്ച ബന്ധമാണിതെന്നും ഇപ്പോള്‍ കരുണയും സഹോദരി രേണുവും തന്നെ താറടിച്ചുക്കാണിക്കാനും ബ്ലാക്മെയില്‍ ചെയ്യാനും ഉദേശിച്ചാണു പരാതി നല്‍കിയതെന്നുമാണ് ധനഞ്ജയിന്റെ വാദം. അതിനിടെ, ഏതെങ്കിലുമൊരാള്‍ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന് എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പ്രതികരിച്ചു.
മന്ത്രി ധനഞ്ജയ് മുണ്ടെയ്ക്കെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്ന യുവതി നേരത്തെ താൻ കോൺഗ്രസിലായിരുന്നപ്പോൾ തന്നെ വര്‍ഷങ്ങളോളം വേട്ടയാടിയിരുന്നതായി ബി.ജെ.പി നേതാവ് കൃഷ്ണ ഹെഗ്ഡെ വെളിപ്പെടുത്തിയത് വിവാദമായി. തന്നെ യുവതി തുടര്‍ച്ചയായി പല നമ്പരുകളില്‍ നിന്നു ഫോണ്‍ വിളിക്കുകയും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നതായി ഹെഗ്ഡെ ആരോപിച്ചു.
കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചു പലവട്ടം സമീപിച്ചെങ്കിലും താന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഹണി ട്രാപ് ഒരുക്കി പണം തട്ടാനും ബ്ലാക്ക് മെയില്‍ ചെയ്യാനുമുള്ള ശ്രമമായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും ഹെഗ്ഡെ മാദ്ധ്യമങ്ങളോടു പറഞ്ഞു. മുന്‍ എം.എല്‍.എ കൂടിയായ കൃഷ്ണ ഹെഗ്ഡെ നേരത്തെ കോണ്‍ഗ്രസിലായിരുന്നു.
Discussion about this post