ഡൽഹി: അരുണാചൽ പ്രദേശിൽ ചൈന അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന വാർത്തയിൽ പ്രതികരണവുമായി കേന്ദ്ര സർക്കാർ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഒരു തരത്തിലുള്ള സംഭവങ്ങളും അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചൈന ഇതിന് മുൻപും പല തരത്തിലുള്ള പ്രകോപനങ്ങളും നടത്തിയിട്ടുണ്ട്. അതിന് ശക്തമായ മറുപടിയാണ് അതിർത്തിയിൽ ഇന്ത്യ നിർമ്മിച്ചിട്ടുള്ള റോഡുകളും പാലങ്ങളും മറ്റ് നിർമ്മിതികളും. അതിർത്തിയിലെ സേനാനീക്കം ത്വരിതപ്പെടുത്താനും ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താനുമാണ് ഇവയിലൂടെ ലക്ഷ്യമാക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു.
രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ സ്വന്തം ഭൂമിയിൽ ഇനിയും കേന്ദ്ര സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുമെന്നും രാജ്യത്തിലെ പൗരന്മാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post