ഡൽഹി: കേരളത്തിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പ് രാജ്യത്തെ താഴ്ന്ന നിലയിൽ. കേരളത്തിലും തമിഴ്നാട്ടിലും ഇരുപത്തിയഞ്ച് ശതമാനത്തിൽ താഴെയാണ് കുത്തിവെപ്പ് നിരക്ക്. ഇതിൽ കേന്ദ്ര സർക്കാർ അതൃപ്തി രേഖപ്പെടുത്തി.
വാക്‌സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നതെന്നാണ് കേരളത്തിന്റെ വാദം. അതേസമയം കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കുത്തിവെപ്പ് നിരക്ക് എഴുപത് ശതമാനമാണ്. ഈ സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ അഭിനന്ദിച്ചു.
വാക്സിൻ കുത്തിവെപ്പ് കുറയുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വാക്‌സിനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ആദ്യ ദിവസം കേരളത്തില്‍ 133 സെഷനുകളായി 8,062 പേരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം കേരളത്തിൽ 7070 പേരാണ് വാക്സിൻ സ്വീകരിച്ചത്.
പ്രതിദിന കൊവിഡ് നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന സംസ്ഥാനമായ കേരളത്തിൽ വാക്സിൻ കുത്തിവെപ്പ് നിരക്ക് കുറയുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള അതൃപ്തിയാണ് കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വ്യക്തമാക്കി.







