ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോഴും ജനാധിപത്യത്തിന്റെ മൂല്യം കാത്ത ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് അന്താരാഷ്ട്ര അംഗീകാരം. വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പുകളും കുറ്റമറ്റ രീതിയിൽ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിച്ചു. ആഗോള തലത്തിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ സഹായിച്ച ഈ പരിശ്രമങ്ങൾക്ക് അംഗീകാരമായി ആഗോള തെരഞ്ഞെടുപ്പ് അസോസിയേഷന്റെ മേധാവി സ്ഥാനം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസൂത്രണം ചെയ്ത പതിനൊന്നാമത് ദേശീയ വോട്ടർ ദിനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി രാമ്നാഥ് കോവിന്ദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ വിജയകരമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ലോകരാഷ്ട്രങ്ങൾ ആകൃഷ്ടരാണ്. ഇന്ത്യയുടെ ഈ സംവിധാനത്തെക്കുറിച്ച് പഠനം നടത്താൻ പല രാജ്യങ്ങളും താത്പര്യം പ്രകടിപ്പിക്കുകയാണെന്നും വിർച്വൽ അഭിസംബോധനയിൽ രാഷ്ട്രപതി വ്യക്തമാക്കി.










