രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് ഡല്‍ഹി രാജ്പഥില്‍ തടസ്സമില്ലാതെ നടക്കും. എന്നാല്‍ പരേഡില്‍ പങ്കെടുക്കുന്ന സൈനികരുടെ എണ്ണം ചുരുക്കിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനപരേഡില്‍ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പങ്കെടുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷികത്തിലാണ് അവരുടെ സൈന്യത്തിന്റെ സാന്നിധ്യം നമ്മുടെ പരേഡിലുണ്ടാകുക.
ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ലെന്നതും മറ്റൊരു പ്രത്യേകതയാണ്. അന്‍പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് വിശിഷ്ടാതിഥി പങ്കെടുക്കാതിരിക്കുന്നത്.25,000 പേര്‍ക്ക് മാത്രമാണ് പരേഡ് കാണാന്‍ അനുമതി.
രാവിലെ ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തില്‍ ആദരവര്‍പ്പിക്കും. 9:50ന് പരേഡ് ആരംഭിക്കും. 32 നിശ്ചലദൃശ്യങ്ങളുണ്ട്. കേരളമുള്‍പ്പടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഒരുക്കുന്ന ടാബ്ലോ പരിപാടിയുടെ മാറ്റ് കൂട്ടും.
Discussion about this post