ഡല്‍ഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് മൂലം ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ വരുന്നതായും കേന്ദ്രം വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടിക്കൊണ്ട് ആഗസ്റ്റ് 19ന് ഫിനാന്‍ഷ്യല്‍ ടാസ്ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു. ആഗസ്റ്റ് 30നകം മറുപടി നല്‍കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കേരളം ഉള്‍പ്പടെ ഒരു സംസ്ഥാനവും മറുപടി നല്‍കിയില്ല.
ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, മൂലധന വിപണി, പണമിടപാട് സ്ഥാപനങ്ങള്‍ തുടങ്ങിയവ വഴി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറാന്‍ സാദ്ധ്യതയുണ്ടെന്നായിരുന്നുവെന്ന് കത്തില്‍ പറഞ്ഞിരുന്നു. ഭീകരതയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍, ലാ ഏജന്‍സിക്ക് കൈമാറിയ കേസുകളുടെ എണ്ണം, അന്താരാഷ്ട്ര തലത്തില്‍ സഹായം തേടിയതിന്റെ വിവരങ്ങള്‍, മറുപടി ലഭിച്ചെങ്കില്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍, ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതിന്റെ പേരില്‍ കണ്ടുകെട്ടുകയോ പിടിച്ചെടുക്കുകയോ ചെയ്ത ഫണ്ടുകളുടെ വിവരങ്ങള്‍ തുടങ്ങിയവ എഫ്.എ.ടി.എഫ് തേടിയിരുന്നു.
സംസ്ഥാനങ്ങളില്‍ ഭീകരതയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന കേസുകള്‍ കൂടുതലോ കുറവോ ആണോയെന്നും കേന്ദ്രം ആരാഞ്ഞിരുന്നു. ഭീകരതയ്ക്കെതിരെ കര്‍ശന നിലപാടടെടുക്കാന് കേന്ദ്ര-സംസ്ഥാന പോലിസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിസ്സംഗത കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. കേരളം ഉള്‍പ്പടെ ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഹവാല ഇടപാടുകള്‍ ഭീകരപ്രവര്‍ത്തനത്തിന് പണമെത്തിക്കുന്നതിന്റെ ഭാഗമാണെന്ന് സൂചന ലഭിച്ചിരുന്നു. കേരളത്തിലെ സ്വര്‍ണക്കടത്തു ലോബിയുടെ നീക്കങ്ങളും എന്‍ഐഎ നിരീക്ഷണത്തിലാണ്.
Discussion about this post