ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരില്‍ തിരിച്ചറിഞ്ഞ ആളുകൾക്ക് പഞ്ചാബില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളതായി ഡല്‍ഹി പൊലീസ്. നിരവധി സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്ത ശേഷം ചിലരെ പോലീസ് തിരിച്ചറിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.
ഇവരെ അറസ്റ്റ് ചെയ്യാന്‍ റെയ്ഡ് തുടരുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മുപ്പതോ നാല്‍പ്പതോ ട്രാക്ടറുകളിലും 150 ഓളം മോട്ടോര്‍ സൈക്കിളുകളിലും കാറുകളിലുമായി ആയിരത്തോളം പേരാണ് ചെങ്കോട്ട പരിസരത്ത് പ്രവേശിച്ചത്. അവിടെവെച്ച് പൊലീസുകാരെ പിന്തുടര്‍ന്ന് ആക്രമിക്കുകയും അവരുടെ ഉപകരണങ്ങള്‍ കൊള്ളയടിക്കുകയും ചിലരെ പൊതു ടോയ്ലറ്റില്‍ ബന്ധികളാക്കുകയും ചെയ്തതായാണ് എസ്‌എച്ചഒ റിതുരാജ് ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.
അക്രമാസക്തരായ ചില പ്രതിഷേധക്കാര്‍ ഡല്‍ഹി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പൊലീസ് തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെത്തുടര്‍ന്ന് റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ 84 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.








