ഡൽഹി: മ്യാന്മറിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മ്യാന്മറിന്റെ കാര്യത്തിൽ ഇന്ത്യ അതീവ ജാഗ്രത പുലർത്തുകയാണ്. മ്യാന്മറിലെ ജനാധിപത്യ ഭരണ സംവിധാനത്തെ എക്കാലവും പിന്തുണയ്ക്കുന്നതാണ് ഇന്ത്യയുടെ വിദേശ നയമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
മ്യാന്മാറിൽ നിയമാവാഴ്ചയും ജനാധിപത്യ മൂല്യങ്ങളുമാവണം ഉയരേണ്ടത്. സാഹചര്യങ്ങൾ കൃത്യമായി വിശകലനം ചെയ്ത് ഇന്ത്യ നയം വ്യക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മ്യാന്മറിൽ സൈനിക അട്ടിമറിയെ തുടർന്ന് ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കൾ തടങ്കലിലാണ്. പുതുതായി അധികാരമേറ്റ ജനപ്രതിനിധികള്‍ നാളെ സ്ഥാനമേൽക്കാനിരിക്കെയാണ് സൈനിക അട്ടിമറി.
മ്യാന്‍മറിലെ പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തലസ്ഥാനമായ നൈപിതോയില്‍ ടെലിഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. രാജ്യത്ത് പട്ടാളം ഒരു വർഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.








