ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ 2021-22 ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. കൊവിഡ് പ്രതിസന്ധിക്കിടെയാണ് ബഡ്‌ജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ലോക്ക്‌ഡൗണ്‍ കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞാണ് ധനമന്ത്രിയുടെ ബഡ്‌ജറ്റ് അവതരണം.. പൂര്‍ണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. കൊച്ചി ഫിഷിംഗ് ഹാര്‍ബര്‍ വാണിജ്യ ഹബ്ബാക്കും.
റെയില്‍വേയ്‌ക്ക് 1.10 ലക്ഷം കോടി അനുവദിച്ചു. കൊച്ചി മെട്രോയുടെ വികസനത്തിന് കേന്ദ്രത്തിന്റെ വന്‍ സഹായ ഹസ്തം. മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് ധനമന്ത്രി നിര്‍മല സിതാരാമന്‍ ബജറ്റില്‍ അനുവദിച്ചത്. ഇത് മെട്രോ വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്.
കൊച്ചി മെട്രോയ്‌ക്കൊപ്പം രാജ്യത്തെ മറ്റുചില മെട്രോ സര്‍വീസുകള്‍ക്കും ബജറ്റില്‍ കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് (180 കിലോമീറ്റര്‍ ദൂരം) 63246 കോടിയും ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടിരൂപയും നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടിയുമാണ് അനുവദിച്ചിക്കുന്നത്. ദേശീയ പാതാവികസനത്തിനും കേരളത്തിന് കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്.








