കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി ജോര്‍ജ് നല്കിയ വിവരങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതായി സിബിഐ. മരണത്തില്‍ ദുരൂഹതയില്ലെന്നു കാണിച്ച് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് സോബിക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യക്തിവിരോധം തീര്‍ക്കുന്നതിനും ശ്രദ്ധിക്കപ്പെടുന്നതിനുമാണ് സോബി ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് നിഗമനം.
മരിച്ച ബാലഭാസ്കറിന്റെ മാതാപിതാക്കള്‍ ഇതു വിശ്വസിച്ചാണ് പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നതെന്നും സിബിഐ വിശദീകരിക്കുന്നു. പെട്രോള്‍ പമ്പിനു സമീപം താന്‍ കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുമ്പോള്‍ ബാലഭാസ്കറിന്റെ നീല ഇന്നോവ കാറിന്റെ ചില്ലുകള്‍ ഒരു സംഘം അടിച്ചു തകര്‍ത്തെന്ന് സോബി മൊഴി നല്‍കിയിരുന്നു..ഇങ്ങനെ ഒരു സംഭവം ഇവിടെ നടന്നിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പെട്രോള്‍ പമ്പില്‍ ഈ സമയം വെളിച്ചമുണ്ടായിരുന്നു എന്നായിരുന്നു മൊഴി.
11 മണിയോടെ അടച്ച പെട്രോള്‍ പമ്പില്‍ വെളിച്ചം ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമായത്. അവിടെ നിന്നു ഡ്രൈവറെ വിളിച്ചു എന്നതായിരുന്നു മറ്റൊരു മൊഴി. ഡ്രൈവറെ അദ്ദേഹം വിളിച്ചത് രാവിലെ ആറരയോടെയാണെന്നു കണ്ടെത്തി. സംഭവസ്ഥലത്തു നിന്നു കള്ളക്കടത്തു കേസിലെ പ്രതികളില്‍ ഒരാളെ കണ്ടതായി പറഞ്ഞിരുന്നു. ഈ സമയം പ്രസ്തുത വ്യക്തി ബെംഗളൂരുവിലായിരുന്നുവെന്നും വ്യക്തമായി കണ്ടെത്തി.
അതേസമയം സോബിയുടെ മൊഴിയില്‍ പറയുന്ന ഇസ്രയേലിലുള്ള കോതമംഗലം സ്വദേശിനിയായ യുവതി അദ്ദേഹത്തിന്റെ മുന്‍ പങ്കാളിയായിരുന്നുവെന്നാണു വ്യക്തമായത്. പിന്നീട് ഇവര്‍ സോബിയുമായി പിരിഞ്ഞു. ഇതിലുള്ള വ്യക്തി വിരോധം തീര്‍ക്കുന്നതിനാണ് അവരെ ഇതിലേയ്ക്കു വലിച്ചിഴയ്ക്കുന്നതെന്നാണ് ആരോപണം. കേസ് ഒതുക്കാനായി ഒരു സംഘം ആളുകള്‍ 100 കിലോ സ്വര്‍ണം തനിക്കു വാഗ്ദാനം ചെയ്തു എന്നാണ് ഇദ്ദേഹം പറയുന്നത്. മുന്‍ പങ്കാളിയോട് ദേഷ്യം തീര്‍ക്കാനുള്ള അവസരമായാണ് ഇത് ഉപയോഗപ്പെടുത്തിയതെന്നാണ് ആരോപണം.
കോതമംഗലം സ്വദേശിനി അയച്ചിട്ട് ഒരു സംഘം ആളുകള്‍ വീട്ടില്‍ വന്നു ഭീഷണിപ്പെടുത്തിയെന്നും അതിന്റെ സിസിടിടിവി ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നുമുള്ള അവകാശവാദവും നിലനില്‍ക്കുന്നതായിരുന്നില്ല. ഇതിന്റെ വിഡിയോ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാനായില്ല. വീട്ടില്‍ വഴിചോദിച്ചെത്തിയ ഒരാളുടെ ദൃശ്യങ്ങളാണ് ഇതിനായി ഹാജരാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസുണ്ടെന്നു പറയുന്നതും വസ്തുതാ വിരുദ്ധമാണെന്നു വ്യക്തമായി. പോളിഗ്രാഫ് പരിശോധനയിലും സോബി പറഞ്ഞതെല്ലാം നുണയാണെന്നു വ്യക്തമായിട്ടുണ്ട്.
മനുഷ്യക്കടത്ത് ഉള്‍പ്പടെ 20ഓളം തീര്‍പ്പാകാത്ത വഞ്ചനാക്കേസുകളുണ്ട് സോബിക്കെതിരെ. ആളുകളില്‍ നിന്ന് പണംവാങ്ങി വിദേശത്തേയ്ക്കു കൊണ്ടുപോകാമെന്നു പറഞ്ഞു പറ്റിച്ചെന്നാണ് പരാതികള്‍. തന്നെ തേജോവധം ചെയ്തുവെന്നു കാട്ടി ഇസ്രയേലിലുള്ള കോതമംഗലം സ്വദേശിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിമിനില്‍ കേസും നടക്കുന്നുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു.
കോതമംഗലം സ്വദേശിനിയായ യുവതിക്കെതിരെ കലാഭവന്‍ സോബി ആരോപണങ്ങള്‍ ഉയര്‍ത്തിയതിനു പിന്നാലെ കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്റെ മരണത്തില്‍ സോബിക്കു പങ്കുണ്ടെന്ന ആരോപണവുമായി സഹോദരന് ജോണ്‍ പി. മാത്യു രംഗത്തെത്തിയിരുന്നു. സയനൈഡ് നല്കി കൊലപ്പെടുത്തിയെന്നു തനിക്ക് വിവരം ലഭിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍. അതേ സമയം ഈ ആരോപണത്തിനു പിന്നിലും കോതമംഗലം സ്വദേശിനിയുടെ പങ്ക് സംശയിക്കുന്നതായാണ് സോബി പ്രതികരിച്ചത്.
Discussion about this post