ബംഗളൂരു: ലഹരിമരുന്ന് കേസിലെ കളളപ്പണ- ബിനാമി ഇടപാടില്‍ നാലാം പ്രതിയായ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കുറ്റപത്രം സമര്‍പ്പിച്ചു. ബംഗളൂരുവില്‍ ലഹരിപാര്‍ട്ടിക്കിടെ, കേരള സര്‍ക്കാരിന്റെ സിവില്‍ കരാറുകള്‍ ലഭിക്കാന്‍ കേസിലെ പ്രതികളും മറ്റു ചിലരും ബിനീഷുമായി ചര്‍ച്ച നടത്തുകയും കരാറിന്റെ നാല് ശതമാനം വരെ കമ്മിഷനായി ബിനീഷിന് വാഗ്ദാനം നല്‍കുകയും ചെയ്തു.
എന്നാല്‍ ഇങ്ങനെ ഏതെങ്കിലും കരാര്‍ നല്‍കിയിട്ടുണ്ടോയെന്നും കരാര്‍ ലഭിക്കാന്‍ ബിനീഷ് സഹായം ചെയ്തോയെന്നും കുറ്റപത്രത്തില്‍ പറയുന്നില്ല. ലഹരിക്കടത്ത് കേസിലെ ഒന്നാം പ്രതി കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണ്. അനൂപിനെ മറയാക്കി നടത്തിയ മയക്കുമരുന്ന് ഇടപാടുകളിലൂടെ ബിനീഷ് സമ്പാദിച്ച വന്‍തുക ബിസിനസുകളില്‍ നിക്ഷേപിച്ച് വെളുപ്പിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ജൂണില്‍ ബംഗളൂരുവിലെ പാര്‍ട്ടിക്കിടെ ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചതായി സുഹാസ് കൃഷ്ണഗൗഡ മൊഴി നല്കി. മുഹമ്മദ് അനൂപ്, എയര്‍ ഏഷ്യയിലെ കാബിന് ക്രൂ സോണറ്റ് ലാംബോ, എയര്‍ഹോസ്റ്റസ് പരിശീലനം പൂര്‍ത്തിയാക്കിയ രേഷ്മാ തന്‍സി എന്നിവരും പാര്‍ട്ടിയിലുണ്ടായിരുന്നു. അനൂപ് മുഹമ്മദ്, ബിജേഷ് രവീന്ദ്രന് എന്നീ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കളളപ്പണം വെളുപ്പിക്കാനാണ്.ഹോട്ടല്‍ ബിസിനസ്സിന്റെ മറവില്‍ ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു.
ബിനീഷിന്റെ അക്കൗണ്ടുകളിലെ വന്‍ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഏഴ് വര്‍ഷത്തിനുളളില്‍ ബിനീഷ് 5.17കോടി രൂപയുടെ ബാങ്ക് ഇടപാടുകള്‍ നടത്തി. ഇതില്‍ 1.22കോടി രൂപയ്ക്ക് മാത്രമാണ് റിട്ടേണ്‍ സമര്‍പ്പിച്ചത്. ബിനീഷിന്റെ ഡ്രൈവര്‍ അനികുട്ടനും ബിസിനസ് പങ്കാളിയായ അരുണിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post