ന്യൂഡല്‍ഹി: കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ഗൂഗിള്‍ അടക്കമുള്ള ടെക് ഭീമന്‍മാരെ സമീപിച്ചു. ഡല്‍ഹി പൊലീസിന്‍റെ സൈബർ സെല്‍ യൂനിറ്റിലെ ഡി.സി.പിയായ അന്വേഷ് റോയ്യാണ് അക്കൗണ്ടുകള്‍ ഉണ്ടാക്കി ടൂള്‍കിറ്റില്‍ ഇത്തരം വിവരങ്ങള്‍ ഉള്‍കൊള്ളിച്ച് അപ്ലോഡ് ചെയ്തവരെ കണ്ടെത്താന്‍ സഹായിക്കാന്‍ ആവശ്യപ്പെട്ട് ഗൂഗിളിനും മറ്റ് കമ്പനികള്‍ക്കും കത്ത് എഴുതിയത്.
പ്രതിഷേധ പരിപാടികള്‍ തയാറാക്കിയ അക്കൗണ്ടിന്‍റെ ഉടമകളുമായി ബന്ധപ്പെട്ട ചില ഇ-മെയില്‍ ഐ.ഡികള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയുടെ വിശദാംശങ്ങളാണ് പൊലീസ് ആരാഞ്ഞത്. കമ്പനികളുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അതിന് ശേഷം അന്വേഷണം വ്യാപിപ്പിക്കുമെന്നും റോയ് പറഞ്ഞു. കമ്പനികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് ടൂള്‍കിറ്റ് ആരാണ് നിര്‍മിച്ചതെന്നും ആരാണ് അത് പങ്കുവെച്ചതെന്നും അറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ചതിന്‍റെ പേരില്‍ ഗ്രെറ്റക്കെതിരെ കേസെടുത്തില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. കേസെടുത്തത് ഗ്രെറ്റക്കെതിരെ അല്ലെന്നും അവര്‍ ട്വീറ്റില്‍ പങ്കുവച്ച ടൂള്‍കിറ്റിന് ഖാലിസ്ഥാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കേസെടുത്തതെന്നും പൊലീസ് പറയുന്നു. ഗ്രെറ്റ പങ്കുവച്ച ടൂള്‍കിറ്റില്‍ പരാമര്‍ശിക്കുന്ന ചില സോഷ്യല്‍മീഡിയ അകൗണ്ടുകള്‍ രാജ്യത്തിനെതിരേ പ്രവര്‍ത്തിച്ചതായും പൊലീസ് കണ്ടെത്തി.
18 കാരിയായ ഗ്രെറ്റ തുന്‍ബെര്‍ഗിനെ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് എഫ്‌ഐആറില്‍ ആരുടേയും പേരില്ല എന്നും കേസെടുത്തത് ടൂള്‍കിറ്റിന്‍റെ സ്രഷ്ടാക്കള്‍ക്കെതിരേ ആണെന്നും പൊലീസ് പറയുന്നു.
Discussion about this post