ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകൾക്ക് ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി. രണ്ട് ഘട്ടങ്ങളിലായി മുപ്പത്തിനാലായിരം രൂപയാണ് നഷ്ടമായത്. സെക്കൻഡ് ഹാൻഡ് സോഫ വിൽപ്പനയുമായി ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ്.
സോഫ വാങ്ങാൻ താത്പര്യമുണ്ടെന്ന് അറിയിച്ച വ്യക്തി കെജരിവാളിന്റെ മകളുടെ അക്കൗണ്ടിലേക്ക് ആദ്യം ചെറിയ തുക അയച്ചു. പിന്നീട് ഒരു ബാർ കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടു. ഇപ്രകാരം ചെയ്തതോടെ അക്കൗണ്ടിൽ നിന്നും ആദ്യം 20,000 രൂപയും പിന്നീട് 14,000 രൂപയും നഷ്ടമാകുകയായിരുന്നു.
സംഭവത്തിൽ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പ്രതിയുടെ വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയതായും ഡൽഹി പൊലീസ് അറിയിച്ചു. സിവിൽ ലൈൻസ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.











