തിരുവനന്തപുരം: ഇടത് മന്ത്രിമാരെ മറയാക്കി സരിത എസ് നായർ നടത്തിയ നിയമന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്മീഷൻ വാങ്ങി അനധികൃത നിയമനം നടത്താൻ സിപിഎം അനുവദിച്ചിട്ടുണ്ടെന്ന് സരിത പറഞ്ഞ് വിശ്വസിപ്പിച്ചതായി തിരുവനന്തപുരം സ്വദേശിയായ യുവാവ് സ്വകാര്യ മാധ്യമത്തോട് വെളിപ്പെടുത്തി. സോളാർ കേസിനുള്ള സിപിഎമ്മിന്റെ പ്രത്യുപകാരമാണ് ഇതെന്ന് സരിത പറഞ്ഞതായും യുവാവ് പറയുന്നു.
സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരില്‍ മന്ത്രിമാരുടെ പേര് പറഞ്ഞാണ് സരിത വിളിച്ചിരുന്നത്. മന്ത്രിമാരുടെ പ്രോഗ്രാം ഷെഡ്യൂളടക്കം സരിത പറഞ്ഞിരുന്നു. ഇവയൊക്കെയും കൃത്യമായിരുന്നു.
ആരോഗ്യകേരളത്തിലെ നാല് പേര്‍ക്ക് പുറമേ നാല് വര്‍ഷം കൊണ്ട് നൂറോളം പേര്‍ക്ക് ജോലി നല്കിയ വിവരവും സരിത ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയിൽ 4 പേർക്കു താൻ വഴി പിൻവാതിൽ നിയമനം നൽകിയെന്നു സോളർ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായർ അവകാശപ്പെടുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. നിയമനങ്ങൾക്കു രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നും ജോലി കിട്ടുന്നവർ പാർട്ടിക്കൊപ്പം നിൽക്കുമെന്നാണു ധാരണയെന്നും സരിത ഫോൺ സംഭാഷണത്തിൽ പറയുന്നു.
അതേസമയം ശബ്ദരേഖയിലും തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടു സരിതയ്ക്കെതിരെ നൽകിയ പരാതിയിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
Discussion about this post