ഡല്‍ഹി: പാങ്ഗോംങ്ങിലെ തെക്കന്‍ മേഖലയില്‍ നിന്നും ടാങ്കുകളും കവചിതവാഹനങ്ങളും പിന്‍വലിക്കാന്‍ ആരംഭിച്ച് ഇന്ത്യയും ചൈനയും. ഈ മേഖലയില്‍ നിന്നും സൈനിക വിന്യാസം പിന്‍വലിക്കാന്‍ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
തങ്ങളുടെ ഫ്രണ്ട് ലൈന്‍ ട്രൂപ്പുകളെ പിന്‍വലിക്കാമെന്ന് ജനുവരിയില്‍ ഇരുരാജ്യങ്ങളിലേയും സൈനിക മേധാവിമാര്‍ നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചിരുന്നു.
ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 10 മുതല്‍ സൈനിക ടാങ്കറുകളടക്കമുളള ആയുധ വിന്യാസങ്ങള്‍ പാങ്ഗോംഗ് തടാകത്തിന്റെ ഭാഗത്തുനിന്നും പിന്‍വലിക്കാന്‍ ആരംഭിക്കുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ബുധനാഴ്ച പോസ്റ്റ് ചെയ്തു. എന്നാല്‍ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങളൊന്നും ചൈനീസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം സൈനിക പിന്മാറ്റത്തെപ്പറ്റി ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ഔദ്യോഗികമായി ഇതുവരേയും ഒരു പ്രതികരണവും നടത്തിയിട്ടില്ല.
ജൂണ്‍ 15ന് ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ ആയുധ സന്നാഹങ്ങളുമായി ഇരുരാജ്യത്തേയും സെെനികര്‍ അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരുന്നു. ഡെപ്സംഗ് സമതല മേഖലയിലും പാങ്ഗോംഗ് സോ തടാകമേഖലയിലും ഫിംഗേഴ്സ് മേഖലയിലും ചൈന വ്യോമവേധ മിസൈലുകള്‍ അടക്കമുള്ള എയര്‍ ഡിഫന്‍സ് സിസ്റ്റം, ദീര്‍ഘദൂര ശേഷിയുള്ള പീരങ്കികള്‍ എന്നിവയെല്ലാമായി കനത്ത ആയുധസന്നാഹങ്ങളുമായാണ് ചൈന നിലയുറപ്പിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Discussion about this post