ജനീവ: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ പദവിയിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ. ഐക്യരാഷ്ട്ര സഭയിൽ ഉദ്യോഗസ്ഥയായ ആകാംക്ഷ അറോറ എന്ന മുപ്പത്തിനാലുകാരിയാണ് ലോകത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥ പദവിയിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നത്. ഈ വർഷം അവസാനം നടക്കുന്ന സെക്രട്ടറി ജനറൽ തെരഞ്ഞെടുപ്പിൽ രണ്ടാം ഊഴത്തിനായി തയ്യാറെടുക്കുന്ന നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെതിരെയാവും ആകാംക്ഷ മത്സരിക്കുക.
കഴിഞ്ഞ എഴുപത്തിയഞ്ച് വർഷങ്ങളായി പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും പൂർത്തീകരിക്കാൻ ഐക്യരാഷ്ട്ര സഭക്ക് സാധിച്ചിരുന്നില്ല. അഭയാർത്ഥികൾ സംരക്ഷിക്കപ്പെടുന്നില്ല, സാങ്കേതിക പുരോഗതി വലിയൊരു വിഭാഗത്തിന് നിഷേധിക്കപ്പെടുന്നു. വികസനോന്മുഖമായ ഒരു ഐക്യരാഷ്ട്ര സഭയാണ് നമുക്ക് ആവശ്യമെന്ന് തന്റെ പ്രചാരണ വീഡിയോയിൽ ആകാംക്ഷ വ്യക്തമാക്കുന്നു.
അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസിൽ യോർക്ക് സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ ആകാംക്ഷ കൊളംബിയ സർവ്വകലാശാലയിൽ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യയിൽ ജനിച്ച ആകാംക്ഷയ്ക്ക് കനേഡിയൻ പാസ്പോർട്ടും വിദേശ പൗരത്വവുമാണുള്ളത്.
അതേസമയം ആകാംക്ഷയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഐക്യരാഷ്ട്ര സഭയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.











