ഇറാനുമേലുള്ള യുഎസിന്റെ സൈനിക നിരീക്ഷണം ലോകം കരുതുന്നതിലും അപ്പുറം അതിശക്തമാണെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ നിക്ഷേപിക്കാൻ ഇറാൻ നിർമ്മിച്ചുകൊണ്ടിരുന്ന സവിശേഷമായ റോക്കറ്റ് സംവിധാനം അമേരിക്കൻ ആക്രമണത്തിൽ തകർത്തെന്നും തന്ത്രപ്രധാനമായ ഈ കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇപ്പോൾ അമേരിക്കയുടെ കൈകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ നിരീക്ഷണ വലയം മറികടന്ന് ഇറാനിലുള്ളവർക്ക് തങ്ങൾ കാണാതെ ബാത്ത്റൂമിൽ പോലും പോകാൻ സാധിക്കില്ലെന്നും ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പരിഹസിച്ചു. ഇറാനിലെ വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, റഡാറുകൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ തകർത്തുകൊണ്ടുള്ള വൻ ആക്രമണ പരമ്പര പൂർത്തിയാക്കിയതായി യുഎസ് സെൻട്രൽ കമാൻഡും അറിയിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ കടൽമാർഗ്ഗമുള്ള മൈനുകൾ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നതായും, എന്നാൽ റോക്കറ്റ് ഉപയോഗിച്ച് മൈനുകൾ വിന്യസിക്കാനുള്ള ഇറാന്റെ പുതിയ ശ്രമം കൃത്യമായി നിരീക്ഷിച്ചാണ് തകർത്തതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ശക്തമായ ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിന് തിരിച്ചടിയായി ജോർദാൻ, യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടതോടെ പശ്ചിമേഷ്യ വീണ്ടും കടുത്ത സംഘർഷഭരിതമായിരിക്കുകയാണ്. ജൂലൈക്ക് ശേഷം ഇരുപക്ഷവും തമ്മിലുണ്ടാകുന്ന ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണിത്.
പശ്ചിമേഷ്യയിലെ യുഎസ് സൈനികരുടെ സാന്നിധ്യം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് രഹസ്യമായി നീട്ടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ യുദ്ധം അടുത്ത വർഷത്തേക്കും നീണ്ടുപോയേക്കുമെന്ന വലിയ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഇറാനുമായുള്ള ഏറ്റുമുട്ടൽ വളരെ ചെറിയ ഒരു ദൗത്യം മാത്രമായിരിക്കുമെന്ന ട്രംപിന്റെ മുൻ നിലപാടുകളിൽ നിന്നുള്ള പ്രകടമായ മാറ്റമായാണ് സൈനിക വിന്യാസം നീട്ടാനുള്ള നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ദശലക്ഷക്കണക്കിന് ബാരൽ എണ്ണയുമായുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരം ഉറപ്പാക്കാൻ ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം കനത്ത കാവൽ തുടരുകയാണ്.











