ഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ രാജ്യമെമ്പാടും സൈന്യം കനത്ത ജാഗ്രത പുലർത്തുന്നു. പഞ്ചാബ് അതിർത്തിയിലെ താൻ തരനിൽ മയക്കുമരുന്നുമായി നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് സ്വദേശിയെ സൈന്യം വെടിവെച്ച് കൊന്നു. ബി എസ് എഫാണ് നുഴഞ്ഞു കയറ്റക്കാരനെ വധിച്ചത്.
കൊല്ലപ്പെട്ട നുഴഞ്ഞു കയറ്റക്കാരനിൽ നിന്നും പതിനാല് പാക്കറ്റ് ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തു. ഇന്ത്യൻ പ്രദേശത്തിന് സമീപത്തെ അതിർത്തി വേലിക്ക് സമീപം അസാധാരണ ചലനം കണ്ട സൈന്യം വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ് വീണ നുഴഞ്ഞുകയറ്റക്കാരനിൽ നിന്നും പതിനാല് പാക്കറ്റ് ഹെറോയിൻ, ഒരു തോക്ക്, തിരകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടികൂടിയതായി ബി എസ് എഫ് സ്ഥിരീകരിച്ചു. നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോയുടെ സഹായത്തോടെ പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കുമെന്നും ബി എസ് എഫ് അറിയിച്ചു.










