ലഖ്നോ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി. പന്തളം സ്വദേശി അന്‍സാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.ലഖ്നൗവില്‍ സ്ഫോടക വസ്തുക്കളുമായി പിടിയിലായ ചേരിക്കല്‍ നസീമ മന്‍സിലില്‍ അന്‍ഷാദ് ബദറുദ്ദീന്‍(33) കേന്ദ്ര-കേരളാ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു. ദൂരുഹതകള്‍ ഏറെയുള്ള അന്‍ഷാദിനെ ചുറ്റിപ്പറ്റി വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ മൂന്നാം കണ്ണ് എപ്പോഴുമുണ്ടായിരുന്നു. ഇയാളുടെ വരവും പോക്കും പ്രവൃത്തികളും ഏറെ നിരീക്ഷിക്കപ്പെട്ടിരുന്നു.
അതാത് സമയങ്ങളില്‍ ഇയാള്‍ക്കെതിരായ റിപ്പോര്‍ട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ലഭിച്ചിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏജന്‍സികള്‍ ഇയാളെ കുറിച്ച് പങ്കു വച്ചിരിക്കുന്നത്. സകല ആയോധന പരിശീലനങ്ങളും ഇയാള്‍ നേടിയിട്ടുണ്ട്. സംഘട്ടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നണിയില്‍ ഇയാള്‍ ഉണ്ടാകും. പക്ഷേ, ഒരു കേസിലും പ്രതിയാകില്ല. ആകെ പ്രതിയായത് 2010 ഏപ്രില്‍ 15 ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി ഉണ്ടാക്കിയ അടിയാണ്.
ചേരിക്കല്‍ ജുമാമസ്ജിദിന് സമീപം നസീമ മന്‍സിലില്‍ താമസിക്കുന്ന ബദറുദ്ദീന്റെയും നസീമയുടെയും മൂന്നു മക്കളില്‍ ഏറ്റവും ഇളയവനാണ് അന്‍ഷാദ്. പിതാവിനും മൂത്ത സഹോദരന്മാര്‍ക്കുമൊപ്പം ഗള്‍ഫിലായിരുന്നു കുറേക്കാലം ജോലി. ഇവരെല്ലാം പിന്നീട് നാട്ടില്‍ തിരിച്ചെത്തി അന്‍ഷാദ് ആശാരിപ്പണിയും മത്സ്യവ്യാപാരവുമായി കഴിഞ്ഞു കൂടുകയായിരുന്നു. ഇതിനിടെ മാര്‍ഷല്‍ ആര്‍ട്സും അഭ്യസിച്ചു. സഹോദരന്മാര്‍ക്കൊപ്പം എസ്ഡിപിഐ പ്രവര്‍ത്തനം തുടങ്ങിയതാണ് അന്‍ഷാദ്.
ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും സജീവ പ്രവര്‍ത്തകനാണ്. പോപ്പുലര്‍ ഫ്രണ്ട് ഡല്‍ഹി ഓഫിസിലെ സബ് ഓര്‍ഗൈനസര്‍ ആണ് ഇയാളെന്നാണ് പറയപ്പെടുന്നത്. എസ്ഡിപിഐ ശാക്തീകരണ വിഭാഗം കേന്ദ്ര കമ്മറ്റിയംഗമായിരുന്നുവെന്ന വിവരവും രഹസ്യാന്വേഷണ വിഭാഗം നല്‍കുന്നു. മലപ്പുറത്ത് നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്.
മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാആണ് ഇയാളുടെ പ്രവര്‍ത്തനം. അതിനാല്‍ തന്നെ പന്തളത്തുകാര്‍ക്ക് ഇയാളെപ്പറ്റി വലിയ പിടിയില്ല. ഈ അനുകൂല സാഹചര്യം മുതലെടുത്താണ് പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമുണ്ടാക്കുന്ന സംഘട്ടനങ്ങളിലും അക്രമങ്ങളിലും പ്രതിയാകാതെ ഇയാള്‍ ഇത്രയും കാലം രക്ഷപ്പെട്ടിരുന്നത്
കഴിഞ്ഞ ദിവസമാണ് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ യു.പിയില്‍ വെച്ച് അറസ്റ്റിലായത്. നഗരത്തില്‍ സ്ഫോടനം നടത്താന്‍ ആസൂത്രണം ചെയ്തവരാണ് ഇവര്‍ എന്നാണ് യു.പി പൊലീസിന്‍റെ കണ്ടെത്തൽ . യു.പി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.ജനുവരി അവസാനം ഡല്‍ഹിക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.








