കാസര്‍കോട് : മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ” ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ അച്ഛനെ കുറിച്ച് എന്തു പറഞ്ഞു, അട്ടംപരതി ഗോപാലന്‍ എന്ന്. ഗോപാലന്‍ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, ആ പോരാട്ടത്തില്‍ ഒരു പോരാളിയായി നാടിന്റെ മോചനത്തിന് വേണ്ടി പട വെട്ടുമ്പോള്‍ പിണറായി വിജയന്റെ ചെത്തുകാരനായ അച്ഛന്‍ കോരേട്ടന്‍ പിണറായി അങ്ങാടിയില്‍ കളളും കുടിച്ച് തേരാ പാര നടക്കുകയായിരുന്നു ” – എന്നായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.
പിണറായിക്ക് എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് ഉളളതെന്നും ഒമ്പത് ഉപദേശകരെ വച്ച് ഭരിയ്ക്കാന്‍ പിണറായിക്ക് ബുദ്ധിയും വിവരവുമില്ലേയെന്നും സുധാകരന്‍ ചോദിച്ചു. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോട് അനുബന്ധിച്ചുളള അനുസ്മരണ യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.
നേരത്തെയും പിണറായിക്കെതിരെ പരിഹാസവുമായി സുധാകരന്‍ രംഗത്തെത്തിയിരുന്നു. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിയ്ക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അന്ന് പ്രസംഗിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം വിവാദമായതിന് പിന്നാലെ താന്‍ ജാതി അധിക്ഷേപമല്ല നടത്തിയതെന്ന മറുപടിയുമായി സുധാകരന്‍ രംഗത്തെത്തിയിരുന്നു.
Discussion about this post