അഹമ്മദാബാദ്: റെക്കോർഡുകൾ പെരുമഴ തീർത്ത ഡേ- നൈറ്റ് ടെസ്റ്റിൽ ചരിത്ര വിജയം നേടി ഇന്ത്യ. സ്പിന്നർ അക്സർ പട്ടേൽ സംഹാര താണ്ഡവമാടിയ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ 4 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.
ഒരു പിങ്ക് ബാൾ ടെസ്റ്റിൽ 11 വിക്കറ്റ് നേടുന്ന ആദ്യ ബൗളർ എന്ന റെക്കോർഡ് ഈ മത്സരത്തിൽ അക്ഷർ പട്ടേൽ സ്വന്തമാക്കി. ടെസ്റ്റിൽ അതിവേഗം 400 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബൗളർ എന്ന റെക്കോർഡ് അശ്വിനും സ്വന്തമാക്കി.
ഇന്ത്യൻ സ്പിന്നിന് മുന്നിൽ ആതിഥേയർ പരാജയപ്പെടുന്ന പതിവ് കാഴ്ചയാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആവർത്തിച്ചത്. പ്രതീക്ഷിച്ചതിലും ദയനീയമായിരുന്നു ഇംഗ്ലണ്ടിന്റെ പതനം. ഇന്ത്യയുടെ അതിവേഗ ടെസ്റ്റ് വിജയങ്ങളുടെ പട്ടികയിൽ പെടുന്നതാണ് കോഹ്ലിയും സംഘവും സ്വന്തമാക്കിയ ഈ വിജയം. തുടർച്ചയായ ദിവസങ്ങളിൽ ക്രിക്കറ്റിന്റെ തമ്പുരാക്കന്മാരെ ഓൾ ഔട്ടാക്കിയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഒരു ചുവട് കൂടി ഇന്ത്യ മുന്നോട്ട് കടന്നത്.
5വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലും 4 വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനുമാണ് രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയത്. സ്പിന്നർ വാഷിംഗ്ടൺ സുന്ദറിനും ഒരു വിക്കറ്റ് ലഭിച്ചു. വെറും 30.4 ഓവറിൽ 81 റൺസിനാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് പുറത്തായത്. 25 റൺസെടുത്ത ബെൻ സ്റ്റോക്സ് ആയിരുന്നു ടോപ് സ്കോറർ.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 145 റൺസിൽ അവസാനിച്ചു. ക്ഷമയില്ലായ്മയാണ് ഇന്ത്യയുടെ സ്കോർ ഇത്രയും കുറയാൻ കാരണം. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി പന്തെറിഞ്ഞ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് 5 വിക്കറ്റ് സ്വന്തമാക്കി. ജാക്ക് ലീച്ച് 4 വിക്കറ്റ് നേടിയപ്പോൾ ജോഫ്ര ആർച്ചർക്ക് ഒരു വിക്കറ്റ് കിട്ടി. 66 റൺസെടുത്ത രോഹിത് ശർമ്മയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.
49 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വെറും 7.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. 25 റൺസുമായി രോഹിത് ശർമ്മയും 15 റൺസുമായി ശുഭ്മാൻ ഗില്ലും പുറത്താകാതെ നിന്നു.












