ഡൽഹി: കൊവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ് സ്വീകരിക്കാനെത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് പുതുച്ചേരി സ്വദേശി സിസ്റ്റർ നിവേദിത. അഭിമാന നിമിഷമായിരുന്നെന്നും ആർക്കാണ് വാക്സീൻ നല്കുന്നത് എന്ന് നേരത്തെ അറിഞ്ഞിരുന്നില്ലെന്നും സിസ്റ്റർ നിവേദിത ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
രാവിലെ ഒരു വ്യക്തിക്ക് വാക്സീൻ നൽകേണ്ടതുണ്ടെന്നും തയ്യാറായിരിക്കണമെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. പ്രധാനമന്ത്രി എത്തിയ ശേഷമാണ് അദ്ദേഹത്തിനാണ് വാക്സീൻ നൽകേണ്ടതെന്ന് മനസിലായത്.
6.25ന് പ്രധാനമന്ത്രിക്ക് വാക്സീൻ നൽകി. അര മണിക്കൂർ അദ്ദേഹം അവിടെ ചിലവഴിച്ചു. താൻ പുതുച്ചേരിയിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ വണക്കം പറഞ്ഞു. വേദന അനുഭവപ്പെട്ടില്ലെന്നും സന്തോഷമെന്നുമായിരുന്നു വാക്സീൻ സ്വീകരിച്ച ശേഷം പ്രധാനമന്ത്രിയുടെ പ്രതികരണമെന്നും നിവേദിത പറഞ്ഞു.
മലയാളിയായ സിസ്റ്റർ റോസമ്മയായിരുന്നു പ്രധാനമന്ത്രിക്ക് വാക്സീൻ നല്കാൻ സിസ്റ്റർ നിവേദിതയ്ക്കൊപ്പം ഉണ്ടായിരുന്നത്. തൊടുപുഴ സ്വദേശിയായ സിസ്റ്റർ റോസമ്മ 1998 മുതൽ എയിംസിലെ ഉദ്യോഗസ്ഥയാണ്.
Discussion about this post