തിരുവനന്തപുരം: വിദേശ നാണയ പരിപാലന ചട്ടം ലംഘിച്ചെന്ന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കിഫ്‌ബി സിഇഒ കെ.എം.എബ്രഹാമിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നല്‍കി. മറ്റന്നാള്‍ ഹാജരാകണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശ നാണയ പരിപാലന ചട്ടം ലംഘിച്ചെന്ന ആരോപണത്തില്‍ കിഫ്‌ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ കിഫ്‌ബി സി.ഇ.ഒ, ഡെപ്യൂട്ടി സി.ഇ.ഒ, ആക്‌സിസ് ബാങ്ക് ഹോള്‍സെയില്‍ മേധാവി എന്നിവര്‍ക്ക് എതിരെയാണ് നോട്ടീസയച്ചത്. കിഫ്‌ബി ഡെപ്യൂട്ടി മാനേജര്‍ വിക്രം ജിത്ത് സിംഗിന് നാളെ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കൊച്ചിയിലെ കിഫ്‌ബി ഓഫീസില്‍ ഇവര്‍ ചോദ്യംചെയ്യലിന് ഹാജരാകണം. കിഫ്‌ബിയില്‍ വ്യാപക ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തില്‍ സ്ഥിരീകരിച്ചപ്പോഴാണ് ഇവര്‍ക്കെതിരെ നോട്ടീസ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നല്ലൊരു പങ്കും കിഫ്‌ബി മുഖാന്തിരമാണ് നടക്കുന്നത്. ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് സമ്മര്‍ദ്ദമേറുമെന്ന് ഉറപ്പായി.
കേന്ദ്രത്തിന്റെ അനുമതി കൂടാതെയാണ് കിഫ്‌ബി മുഖാന്തിരം വിദേശഫണ്ട് സ്വീകരിച്ചത്. ഇത് വിദേശ നാണയ പരിപാലന നിയമത്തിന്റെ ലംഘനമാണ്. ആക്‌സിസ് ബാങ്കിനെ അംഗീകൃത ഡീലറാക്കിയാണ് മസാല ബോണ്ടിറക്കിയത്. ഇതും ചട്ടലംഘനമാണെന്ന് കണ്ടെത്തിയാണ് ആക്‌സിസ് ബാങ്ക് ഹോള്‍സെയില്‍ മേധാവിക്ക് ഉള്‍പ്പടെ നോട്ടീസ് നല്‍കിയത്. കേസില്‍ അന്വേഷണം മുറുകുന്ന മുറയ്‌ക്ക് ധനമന്ത്രി തോമസ് ഐസക്കിനെയും ഇ.ഡി ചോദ്യം ചെയ്യാന്‍ സാദ്ധ്യതയുണ്ട്.
Discussion about this post