ഭുവനേശ്വര്‍: തൊട്ട് അടുത്തെത്തിയ ശത്രുവിനെ പോലും നിമിഷാര്‍ത്ഥങ്ങള്‍ കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കുന്ന പുത്തന്‍ മിസൈല്‍ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. സോളിഡ് ഫ്യുവല്‍ ഡക്‌ടഡ് റാംജെറ്റ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപൂരിലെ വിക്ഷേപണ സ്ഥലത്തുനിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) അധികൃതര്‍ അറിയിച്ചു.
പരീക്ഷണത്തില്‍ എല്ലാ കാര്യങ്ങളും ശരിയാംവിധം പ്രവര്‍ത്തിച്ചുവെന്നും ഡിആര്‍ഡിഒ അധികൃതര്‍ പറഞ്ഞു. ശത്രുക്കള്‍ തൊടുത്തുവിടുന്ന മിസൈലുകളെ എതിര്‍ത്ത് തകര്‍ക്കാനും കരയില്‍ നിന്ന് വായുവിലൂടെയെത്തുന്ന ശത്രുക്കളെ തകര്‍ക്കാനും സോളിഡ് ഫ്യുവല്‍ ഡക്‌ടഡ് റാംജെറ്റ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റോക്കറ്റുകള്‍ സഹായിക്കുന്നു. മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് ആഹ്വാനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തദ്ദേശീയമായി ഡിആര്‍ഡിഒ നിര്‍മ്മിച്ച ഈ മിസൈല്‍.
ഫെബ്രുവരി മാസത്തിലും വെര്‍ടിക്കല്‍ ലോഞ്ച് ഷോട്ട് റെയിഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ (വിഎല്‍-എസ്‌ആര്‍എസ്‌എഎം) എന്ന ചെറു ദൂരങ്ങളില്‍ ശക്തമായ പ്രഹരശേഷിയുളള മിസൈല്‍ ഡിആര്‍ഡിഒ ചന്ദിപൂരില്‍ നിന്നു തന്നെ പരീക്ഷിച്ചിരുന്നു. വായുവിലൂടെ വളരെ അടുത്തുനിന്നുളള ആക്രമണങ്ങളെ നിയന്ത്രിക്കാനും തടുക്കാനും ഈ മിസൈല്‍ ഫലപ്രദമാണ്. തദ്ദേശീയമായി നിര്‍മ്മിച്ച ഈ മിസൈല്‍ നാവികസേനയും വിജയകരമായി പരീക്ഷിച്ചു.
രണ്ട് പരീക്ഷണങ്ങളിലും കടുകിട മാറാതെ മിസൈല്‍ കൃത്യമായി നിശ്ചിത ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുറഞ്ഞ ദൂരത്തിലും പരമാവധി ദൂരത്തിലും നടത്തിയ മിസൈല്‍ പരീക്ഷണം ഫലം കണ്ടതായും മന്ത്രാലയം വ്യക്തമാക്കി.
Discussion about this post