ഡൽഹി: ബിജെപി എം പി മരിച്ച നിലയിൽ. ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എം പി രാംസ്വരൂപ് ശർമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് ശർമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നും രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് രാംസ്വരൂപ് ശർമ്മ. 2014ലെ 16ആം ലോക്സഭയിലും 2019ലെ 17ആം ലോക്സഭയിലും അദ്ദേഹം അംഗമായിരുന്നു.
മൃതദേഹത്തിന്റെ സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല എന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
രാംസ്വരൂപ് ശർമ്മയുടെ മരണത്തെ തുടർന്ന് ബിജെപി ഇന്ന് ചേരാനിരുന്ന പാർലമെന്ററി പാർട്ടി യോഗം മാറ്റി വെച്ചു.









