ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് വിവാദത്തിലായ അമേരിക്കന്‍ കമ്പനിയെക്കുറിച്ച് കേരളത്തിന് വിവരം നല്‍കിയിരുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയെ കുറിച്ചുളള വിശദവിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിവരങ്ങള്‍ മൂന്ന് തവണ കൈമാറിയതായാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചത്.
കമ്പനിയുടെ വിശദാംശങ്ങള്‍ അറിയാന്‍ കേരളം വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കമ്പനിയെ കുറിച്ചറിയിക്കാന്‍ ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടു. ലഭിച്ച വിവരങ്ങള്‍ മൂന്ന് തവണ കേരളസര്‍ക്കാരിന് കൈമാറി. 2019 ഒക്ടോബര്‍ 21, ഒക്ടോബര്‍ 25, നവംബര്‍ 6 എന്നീ തീയതികളിലാണ് വിവരങ്ങള്‍ രേഖാമൂലം കേരളത്തിന് കൈമാറിയത്. വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കമ്പനിയില്‍ നിന്ന് മറുപടി ലഭിച്ചില്ല. ന്യൂയോര്‍ക്കിലെ വിലാസം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. കമ്പനിയുടേത് വാടക കെട്ടിടത്തിലെ വിര്‍ച്വല്‍ വിലാസമാണെന്നും വിദേശകാര്യമന്ത്രാലയം കേരളത്തിന് കൈമാറിയ വിവരത്തില്‍ വ്യക്തമാക്കുന്നുണ്ട്. കമ്പനിയെ കുറിച്ചുളള മുന്നറിയിപ്പ് കേരളത്തിന് നല്‍കിയിരുന്നുവെന്ന് നേരത്തെ വിദേശകാര്യസഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കിയിരുന്നു.
Discussion about this post