മുംബൈ: കൈക്കൂലി ആരോപണത്തിൽ ആടിയുലഞ്ഞ് മഹാരാഷ്ട്രയിലെ കോൺഗ്രസ്- എൻസിപി-ശിവസേന സഖ്യസർക്കാർ. കളങ്കിതനായ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് പ്രതിമാസം നൂറു കോടി രൂപ കൈക്കൂലി പിരിച്ചെടുത്ത മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാഗ്പൂരിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.
പ്രതിഷേധം കത്തുന്നതിനിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറും ജയന്ത് പാട്ടീലും പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു. ജനരോഷം ഭയന്ന് അനിൽ ദേശ്മുഖിനെ രാജി വെപ്പിച്ച് മുഖം രക്ഷിക്കാൻ എൻസിപി നേതൃത്വം തയ്യാറായേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളിൽ പ്രതിഷേധിച്ച് കൂടുതൽ ദേശീയ നേതാക്കൾ രംഗത്ത് വന്നു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും മുൻ പൊലീസ് കമ്മീഷണറുമാണ്. അതുകൊണ്ട് ഗൗരവമേറിയ അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു. ഇതാണ് മുംബൈ പൊലീസിന്റെ അവസ്ഥയെങ്കിൽ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.










