മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളിൽ ഉറച്ച് മുൻ മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിംഗ്. അനിൽ ദേശ്മുഖിനെതിരെ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരം ബീർ സിംഗ് സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം എന്ന ആവശ്യമാണ് പരം ബീർ സിംഗ് ഉന്നയിച്ചിരിക്കുന്നത്.
ശരദ് പവാർ ഉൾപ്പെടെയുള്ള നേതാക്കൾ അനിൽ ദേശ്മുഖിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് പരം ബീർ സിംഗ് അറിയിച്ചു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് സസ്പെൻഡ് ചെയ്യപ്പെട്ട ഏറ്റുമുട്ടൽ വിദഗ്ധൻ സച്ചിൻ വാസെയെ ഉപയോഗിച്ച് ഹോട്ടലുകളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും പ്രതിമാസം നൂറ് കോടി രൂപ വീതം കൈക്കൂലി പിരിച്ചിരുന്നുവെന്നാണ് പരം ബീറിന്റെ വെളിപ്പെടുത്തൽ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിലാണ് പരം ബീർ അതിഗുരുതരമായ ആരോപണം ഉന്നയിച്ചത്.
സംഭവത്തിൽ എൻസിപി നേതൃത്വത്തിനെതിരെയും അതിഗുരുതര ആരോപണങ്ങളാണ് പരം ബീർ സിംഗ് ഉന്നയിക്കുന്നത്. സംഭവങ്ങളെ കുറിച്ച് എൻസിപി പ്രസിഡന്റ് ശരദ് പവാറിന് താൻ സൂചനകൾ നൽകിയിരുന്നതായും അദ്ദേഹം പറയുന്നു. കൈക്കൂലി പിരിവിൽ വാസെയെ അനുഗമിക്കാൻ അനിൽ ദേശ്മുഖ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും കത്തിൽ പരം ബീർ ആരോപിച്ചു.
അതേസമയം പരംബീർ സിംഗിന്റെ വെളിപ്പെത്തലുകളും സച്ചിൻ വാസെ കേസും മഹാരാഷ്ട്ര സർക്കാരിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ കൈക്കൂലി ആരോപണം ഞെട്ടിക്കുന്നതും അവിശ്വസനീയവുമെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പരമാവധി ശ്രമിച്ചിരുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം ശിവസേനയുടെ പരോക്ഷ വിമർശനത്തിനെതിരെ അതേ നാണയത്തിൽ പ്രതികരിച്ച് എൻസിപിയും രംഗത്തെത്തി. കത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് തന്നെ അന്വേഷണം നടത്താവുന്നതാണെന്ന് എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരം ബീർ സിംഗ് സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന കേസിൽ പരാതിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി ഹാജരാകും.










