കേരളത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി പിണറായി സർക്കാർ തുടർന്നുവന്ന ശൈലി പിടിവാശി മാത്രമായിരുന്നുവെന്നും തുടർഭരണം സാധ്യമായാൽ അത് സർവ്വനാശത്തിലെത്തുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിക്ക് ബംഗാളിലുണ്ടായ തകർച്ച കേരളത്തിലുണ്ടാകുമെന്നും, ബംഗാളിൽ സിപിഎം മ്യൂസിയത്തിൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
“പിടിവാശിയും അഹന്തയുമായിരുന്നു പിണറായി സർക്കാരിന്റെ മുഖമുദ്ര. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സൗമ്യഭാവത്തിലെത്തിയത്. പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചു” എ കെ ആന്റണി വിമർശിച്ചു.
കോൺഗ്രസിൽ എല്ലാക്കാലത്തും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വരാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. യു ഡി എഫിന് ഇത്തവണ തികഞ്ഞ വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഇനി കേരള രാഷ്ടീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ ആന്റണി തന്റെ കേരളത്തിലെ രാഷ്ട്രീയം 2004 ൽ അവസാനിച്ചുവെന്നും വ്യക്തമാക്കി. തന്റെ രാജ്യസഭാ കാലം കഴിഞ്ഞാൽ കേരളത്തിലേക്ക് മടങ്ങുമെന്നു പറഞ്ഞ അദ്ദേഹം താൻ വീണ്ടും രാജ്യസഭാംഗമാകില്ലെന്നും കൂട്ടിച്ചേർത്തു.











